മെൽബൺ: കുടുംബാംഗത്തെപ്പോലെ സ്നേഹിച്ച അറുപതുകാരിയായ ഇന്തോനേഷ്യൻ സ്വദേശിനിയെ എട്ടുമാസത്തോളം വീട്ടിൽ അടിമയാക്കി പാർപ്പിച്ച് കൊടിയ പീഡനത്തിനിരയാക്കിയ കേസിൽ 47-കാരന് ഓസ്‌ട്രേലിയൻ കോടതി ആറ് വർഷം തടവുശിക്ഷ വിധിച്ചു. മെൽബണിലെ പോയിന്റ് കുക്കിൽ താമസിക്കുന്ന ചീ കിറ്റ് “മാക്സ്” ചോങ് എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.
ചോങ്ങിന്റെ ക്ഷണപ്രകാരം 2017-ൽ മലേഷ്യയിൽ നിന്നാണ് ഇവർ ഓസ്‌ട്രേലിയയിൽ എത്തിയത്. സ്വന്തം മകനെപ്പോലെയാണ് വയോധിക ഇയാളെ കരുതിയിരുന്നത്. എന്നാൽ വീട്ടിലെത്തിയ ഇവരെ ഇയാൾ ശമ്പളമില്ലാതെ നിർബന്ധിത വീട്ടുജോലികൾ ചെയ്യിക്കുകയും പണത്തിനായി സമ്മർദ്ദം ചെലുത്തുകയും ചെയ്തു. ഇവരുടെ ഭക്ഷണം, ഉറക്കം, യാത്രകൾ, ചികിത്സ എന്നിവയെല്ലാം ചോങ് കർശനമായി നിയന്ത്രിച്ചിരുന്നു. വീടിന്റെ കോണിപ്പടികളിലും ഗാരേജിലുമായിരുന്നു ഇവരെ കിടത്തിയിരുന്നത്.
തല ഭിത്തിയിലിടിപ്പിച്ചും മുഖത്ത് ചവിട്ടിയും ഇയാൾ ഇവരെ ക്രൂരമായി മർദ്ദിച്ചിരുന്നു. പട്ടിണിയിലായതോടെ ഒളിപ്പിച്ചുവെക്കാൻ എളുപ്പമുള്ളതിനാൽ ജീവകാരുണ്യ സംഘടനകളിൽ നിന്ന് ഇവർ ബിസ്ക്കറ്റ് വാങ്ങി രഹസ്യമായി കഴിക്കുകയായിരുന്നു പതിവ്. എന്നാൽ വയോധികയ്ക്ക് പ്രതിമാസം 5,000 ഡോളർ വരെ ശമ്പളം നൽകുന്നുണ്ടെന്ന വ്യാജ വിവരമാണ് ചോങ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. ഒടുവിൽ പോലീസ് എത്തുമ്പോൾ പോഷകാഹാരക്കുറവും ശരീരമാസകലം ഗുരുതരമായ പരിക്കുകളുമുള്ള അതീവ ദയനീയമായ നിലയിലായിരുന്നു ഇവർ.
പരമാവധി 25 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന അടിമത്തക്കുറ്റത്തിനാണ് ചോങ്ങിന് കോടതി ആറ് വർഷത്തെ തടവുശിക്ഷ വിധിച്ചത്. 2030-ഓടെ ഇയാൾക്ക് പരോളിന് അർഹതയുണ്ടാകും. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ മലേഷ്യയിലേക്ക് നാടുകടത്താനാണ് സാധ്യത. വിചാരണയ്ക്കിടെ ചോങ്ങിന്റെ ഭാര്യ ആഞ്ചി ലിയാവോയെ കോടതി കുറ്റവിമുക്തയാക്കിയിരുന്നു. അതിനിടെ, പീഡനത്തിനിരയായ വയോധിക സ്വാഭാവിക കാരണങ്ങളാൽ 2024-ൽ മരണപ്പെട്ടു. ക്രൂരമായ ഈ അടിമത്തക്കേസിലെ നാല് വർഷത്തെ കുറഞ്ഞ തടവ് ശിക്ഷയെച്ചൊല്ലി വലിയ ചർച്ചകളും പ്രതിഷേധവുമാണ് ഉയരുന്നത്.

