സ്കൂൾ ഗ്രൗണ്ടിൽ തീപിടിത്തം; രണ്ട് ബസുകൾ കത്തി നശിച്ചു

ഇടുക്കി ജില്ലയിലെ തൂക്കുപാലം കുഴിത്തൊളുവിൽ പാർക്ക് ചെയ്തിരുന്ന രണ്ട് സ്കൂൾ ബസുകൾ തീപിടിച്ച് പൂർണമായി കത്തി നശിച്ചു. ദീപ ഹൈസ്കൂളിന്റെ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ബസുകളിലാണ് ചൊവ്വാഴ്ച രാവിലെ തീപിടിത്തമുണ്ടായത്.

സ്കൂൾ ഗ്രൗണ്ടിലെ സ്റ്റേജിന് സമീപമുള്ള ഷെഡിനുള്ളിൽ അടുത്തടുത്തായി പാർക്ക് ചെയ്തിരുന്ന ബസുകൾക്കാണ് തീപിടിച്ചത്. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചെങ്കിലും അതിനോടകം ബസുകൾ ഏറെക്കുറെ പൂർണമായും കത്തിനശിച്ചിരുന്നു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും ഷോർട്ട് സർക്യൂട്ടാകാമെന്നാണ് പ്രാഥമിക നിഗമനം. സ്കൂളിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി വെൽഡിംഗ് ജോലികൾ നടന്നുവരികയായിരുന്നു. ഇതിൽനിന്നുണ്ടായ തീപ്പൊരി ബസുകളിലേക്ക് പടർന്നതാകാമെന്നും സംശയിക്കുന്നതായി അധികൃതർ അറിയിച്ചു.

അതേസമയം, പാർക്ക് ചെയ്തിരുന്ന ബസുകൾക്ക് തീപിടിച്ചതിൽ ദുരൂഹതയുണ്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *