മെഡിക്കൽ പ്രവേശനത്തിനായുള്ള ദേശീയതല പ്രവേശന പരീക്ഷയായ നീറ്റ്- യുജി 2026 പരീക്ഷ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) റദ്ദാക്കി. മേയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്നാണ് നടപടി. പരീക്ഷ പുതുക്കിയ തീയതിയിൽ വീണ്ടും നടത്തുമെന്ന് എൻടിഎ അറിയിച്ചു.
രാജസ്ഥാനിൽ നിന്നാണ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവന്നത്. പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച “ഗസ് പേപ്പർ” യഥാർത്ഥ ചോദ്യപേപ്പറുമായി വലിയ സാമ്യമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് വിവാദം ശക്തമായത്. വിവിധ സംസ്ഥാനങ്ങളിലായി അന്വേഷണ ഏജൻസികൾ പരിശോധന നടത്തുകയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ സിബിഐ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിന് ആവശ്യമായ രേഖകളും വിവരങ്ങളും പൂർണമായി കൈമാറുമെന്ന് എൻടിഎ അറിയിച്ചു.
പുതിയ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും. നിലവിലെ രജിസ്ട്രേഷൻ വിവരങ്ങളും പരീക്ഷാ കേന്ദ്ര തിരഞ്ഞെടുപ്പും അതേപടി നിലനിൽക്കും. വിദ്യാർഥികൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും അധിക ഫീസ് ഈടാക്കില്ലെന്നും എൻടിഎ വ്യക്തമാക്കി.
പരീക്ഷ റദ്ദാക്കിയതോടെ രാജ്യത്താകെ പ്രതിഷേധവും ആശങ്കയും ശക്തമായിട്ടുണ്ട്. 22 ലക്ഷത്തിലേറെ വിദ്യാർഥികളെയാണ് തീരുമാനം ബാധിച്ചിരിക്കുന്നത്.

