ലാൻഡിംഗിന് തൊട്ടുമുമ്പ് തകരാർ; ഹുബ്ബള്ളിയിൽ ഫ്ലൈ91 വിമാനം ആകാശത്ത് വട്ടമിട്ടു പറന്നത് നാല് മണിക്കൂർ

ഹുബ്ബള്ളി: ഹൈദരാബാദിൽ നിന്ന് കർണാടകയിലെ ഹുബ്ബള്ളിയിലേക്ക് പുറപ്പെട്ട ഫ്ലൈ91 (Fly91) എയർലൈൻസിന്റെ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് ലാൻഡ് ചെയ്യാൻ കഴിയാതെ നാല് മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു പറന്നു. ഐസി3401 (IC3401) എന്ന വിമാനമാണ് ലാൻഡിംഗ് ഗിയറിലുണ്ടായ തകരാറിനെത്തുടർന്ന് അപകടഭീഷണിയിലായത്. ഒടുവിൽ വൈകുന്നേരത്തോടെ വിമാനം ഹുബ്ബള്ളി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.ഞായറാഴ്ച ഉച്ചയ്ക്ക് ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട വിമാനം ഹുബ്ബള്ളിയിൽ ലാൻഡ് ചെയ്യാൻ ഒരുങ്ങവെയാണ് ചക്രങ്ങൾ പുറത്തേക്ക് വരുന്നില്ലെന്ന് പൈലറ്റ് ശ്രദ്ധിച്ചത്. ഇതോടെ വിമാനം ആകാശത്ത് തന്നെ തുടരാൻ എയർ ട്രാഫിക് കൺട്രോൾ നിർദ്ദേശം നൽകി. ലാൻഡിംഗിന് മുന്നോടിയായി ഇന്ധനം കുറയ്ക്കുന്നതിനും സുരക്ഷിതമായ ലാൻഡിംഗിന് സാഹചര്യം ഒരുക്കുന്നതിനുമായാണ് നാല് മണിക്കൂറോളം വിമാനം വട്ടമിട്ടു പറന്നത്.വിമാനം ആകാശത്ത് തുടർച്ചയായി ചലിച്ചുകൊണ്ടിരുന്നത് യാത്രക്കാരെയും വിമാനത്താവള അധികൃതരെയും ഒരുപോലെ ആശങ്കയിലാഴ്ത്തി. അടിയന്തര സാഹചര്യം നേരിടാൻ റൺവേയിൽ അഗ്നിശമന സേനയും ആംബുലൻസുകളും സജ്ജമാക്കിയിരുന്നു. പൈലറ്റിന്റെയും സാങ്കേതിക വിദഗ്ധരുടെയും കൃത്യമായ ഇടപെടലിനെത്തുടർന്ന് തകരാർ പരിഹരിച്ച് വിമാനം സുരക്ഷിതമായി നിലത്തിറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *