ഓട്ടത്തിനിടെ കുഴഞ്ഞുവീണ മുൻ ഒളിമ്പിക് മെഡൽ ജേതാവ് ജെന്നി സിംപ്സൺ ആശുപത്രിയിൽ

അമേരിക്കയുടെ മുൻ ഒളിമ്പിക് വെങ്കല മെഡൽ ജേതാവും ലോക ചാമ്പ്യനുമായ ദീർഘദൂര ഓട്ടതാരം ജെന്നി സിംപ്സൺ (39) നോർത്ത് കരോലിനയിലെ റാലിയിൽ നടന്ന കമ്മ്യൂണിറ്റി ട്രാക്ക് മീറ്റിനിടെ കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. സിർ വാൾട്ടർ റണ്ണിങ് സംഘടിപ്പിച്ച പരിപാടിയിൽ ഒരു മൈൽ ഗ്രൂപ്പിനൊപ്പം പേസറായി ഓടുന്നതിനിടെയാണ് അവർക്ക് ആരോഗ്യപ്രശ്നമുണ്ടായത്.

സംഭവത്തെ തുടർന്ന് ട്രാക്കിൽവെച്ച് സിംപ്സണിന് അടിയന്തരമായി സിപിആർ (CPR) നൽകി. തുടർന്ന് ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ (AED) ഉപയോഗിച്ചശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സിംപ്സൺ മികച്ച ചികിത്സ ലഭിച്ചുവരികയാണെന്നും കുടുംബത്തോടൊപ്പമാണ് എല്ലാവരുടെയും പ്രാർഥനയെന്നും പരിപാടി സംഘടിപ്പിച്ച സിർ വാൾട്ടർ റണ്ണിങ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

2011-ലെ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണം നേടിയ സിംപ്സൺ, 2016-ലെ റിയോ ഒളിമ്പിക്സിൽ ഇതേ ഇനത്തിൽ വെങ്കല മെഡലും കരസ്ഥമാക്കിയിരുന്നു. 2013, 2017 ലോക ചാമ്പ്യൻഷിപ്പുകളിൽ വെള്ളിമെഡലുകളും നേടിയിട്ടുണ്ട്. മൂന്ന് ഒളിമ്പിക്സുകളിൽ അമേരിക്കയെ പ്രതിനിധീകരിച്ച സിംപ്സൺ 2024-ൽ മത്സര ഓട്ടത്തിൽ നിന്ന് വിരമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *