ന്യൂഡൽഹി: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ യുവശക്തിക്കും ദേശീയഗീതമായ വന്ദേമാതരത്തിനും പ്രധാന പ്രാധാന്യം നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ചെങ്കോട്ടയിൽ നടക്കുന്ന പ്രധാന ചടങ്ങുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും. ദേശീയ പതാക ഉയർത്തിയ ശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ചെങ്കോട്ടയിലെ ആഘോഷങ്ങളിൽ ഇത്തവണ ആദ്യമായി വന്ദേമാതരം ആലപിക്കുമെന്നതാണ് പ്രധാന സവിശേഷത. ഗ്യാൻപഥിൽ 2,500 എൻ.സി.സി. കേഡറ്റുകളും ‘മൈ ഭാരത്’ അംഗങ്ങളും ചേർന്നാണ് വന്ദേമാതരം ഒരുക്കുന്നത്. ആഘോഷ ചടങ്ങിൽ വ്യോമസേനയുടെ എം.ഐ-17 ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തും.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യമെമ്പാടും സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ പ്രചാരണത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ തിരംഗ യാത്രകളും ദേശസ്നേഹമുണർത്തുന്ന വിവിധ പരിപാടികളും പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഡൽഹി നിയമസഭാ പരിസരത്ത് ഇന്ന് തിരംഗയാത്ര സംഘടിപ്പിച്ചു. ഹർ ഘർ തിരംഗ പരിപാടിയിൽ പങ്കാളികളാകാൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.

