പശ്ചിമേഷ്യൻ യുദ്ധം: സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷം

ആലപ്പുഴ: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിപണിയിൽ വ്യാപകമായ വിലക്കയറ്റം അനുഭവപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ ഉൽപ്പന്നങ്ങൾക്ക് 20 മുതൽ 50 ശതമാനം വരെ വിലവർധന രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇറക്കുമതിയെ ആശ്രയിക്കുന്ന ഉൽപ്പന്നങ്ങളിലാണ് വിലവർധന കൂടുതൽ പ്രകടമാകുന്നത്. പ്രത്യേകിച്ച് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, പാചകഎണ്ണ തുടങ്ങിയവയുടെ വിലയിൽ കുത്തനെ വർധനയുണ്ടായി. അസംസ്കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും വില ഉയർന്നതോടെ പോളിമർ വില കൂടുകയും അതുവഴിയാണ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വില ഉയരുന്നതെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.

പാചകവാതകത്തിന്റെ ലഭ്യതക്കുറവും വിലവർധനയും ചെറുകിട ഭക്ഷ്യസംരംഭങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഹോട്ടലുകൾ, തട്ടുകടകൾ, ചെറുകിട ഭക്ഷ്യ നിർമ്മാണ യൂണിറ്റുകൾ എന്നിവയ്ക്ക് ചെലവ് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ.

ഇതിനിടെ, യുദ്ധസാഹചര്യം മറയാക്കി ചില വ്യാപാരികൾ കൃത്രിമമായി വില ഉയർത്തുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വിപണിയിൽ ഫലപ്രദമായ നിയന്ത്രണ സംവിധാനങ്ങളുടെ അഭാവവും നിരീക്ഷണത്തിലെ ദൗർബല്യവും ഇത്തരം പ്രവണതകൾക്ക് കാരണമാകുന്നതായി ഉപഭോക്താക്കൾ പറയുന്നു

ഇതുപോലെ വിലക്കയറ്റം തുടർന്നാൽ അരി, പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെയും വിലയിൽ വരും ദിവസങ്ങളിൽ കൂടുതൽ വർധന ഉണ്ടാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *