യുഡിഎഫിന്റെ മിന്നും വിജയം: സിഡ്‌നിയിൽ ആവേശമായി ഐഒസി എൻ എസ് ഡബ്ലിയു കമ്മിറ്റിയുടെ ആഘോഷം

സിഡ്‌നി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) കൈവരിച്ച ചരിത്ര വിജയത്തിന്റെ ആവേശം ഓസ്‌ട്രേലിയയിലെ പ്രവാസി മലയാളികളിലേക്കും. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ന്യൂ സൗത്ത് വെയ്‌ൽസ് (NSW) കേരള ചാപ്റ്റർ യുഡിഎഫിന്റെ വിജയം സിഡ്‌നിയിൽ ആഘോഷപൂർവ്വം ഏറ്റെടുത്തു.

പെൻഡിൽ ഹില്ലിലെ ബ്ലൂമൂൺ റെസ്റ്റോറന്റിൽ ഐഒസി എൻ എസ് ഡബ്ലിയു കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർക്കായി പ്രത്യേക ‘ഇലക്ഷൻ റിസൾട്ട് വാച്ച് പാർട്ടി’ സംഘടിപ്പിച്ചിരുന്നു. ബിഗ് സ്ക്രീനിൽ തത്സമയം ഫലങ്ങൾ വീക്ഷിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചും പ്രവർത്തകർ വിജയം അവിസ്മരണീയമാക്കി. ഐഒസി കേരള ചാപ്റ്റർ സ്റ്റേറ്റ് പ്രസിഡന്റ് ബിനു വി. ജോർജ്, ജനറൽ സെക്രട്ടറി പ്രശാന്ത്, ട്രഷറർ സുജിൻ, ഐഒസി നാഷണൽ ജനറൽ സെക്രട്ടറി ഷൈബു, കേരള ചാപ്റ്റർ നാഷണൽ വൈസ് പ്രസിഡന്റ് ആന്റണി എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

കേരളത്തിലെ ജനങ്ങൾ നൽകിയ ഈ ജനവിധി ജനാധിപത്യത്തിന്റെയും പുരോഗതിയുടെയും പുതിയൊരു അധ്യായം തുറക്കാൻ സഹായിക്കട്ടെ എന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. യുഡിഎഫിന്റെ എല്ലാ വിജയികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്ന ഭാരവാഹികൾ, മുന്നണിയെ കൂടുതൽ കരുത്തുറ്റതാക്കാനുള്ള പ്രവർത്തനങ്ങളിൽ ഓസ്‌ട്രേലിയയിലെ കമ്മിറ്റിയുടെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. വിജയാഘോഷങ്ങളിൽ പങ്കുചേർന്ന എല്ലാ പ്രവർത്തകർക്കും കമ്മിറ്റി നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *