യുഎസ് ചർച്ചാ നിർദ്ദേശം തള്ളി ഇറാൻ; ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം കടുപ്പിച്ചു,പാക്കിസ്ഥാന്റെ മധ്യസ്ഥ വാര്‍ത്ത അടിസ്ഥാന രഹിതം

ടെഹ്‌റാൻ: അമേരിക്കയുമായി രണ്ടാം ഘട്ട സമാധാന ചർച്ചകൾക്ക് ധാരണയായെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ. പാകിസ്ഥാനിൽ വെച്ച് ചർച്ചകൾ നടക്കുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും നിലവിലെ സാഹചര്യത്തിൽ ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ (IRNA) റിപ്പോർട്ട് ചെയ്തു.

അമേരിക്കയുടെ അമിതമായ ആവശ്യങ്ങളും മാറിക്കൊണ്ടിരിക്കുന്ന നിലപാടുകളുമാണ് ചർച്ചകളിൽ നിന്ന് പിന്മാറാൻ കാരണമെന്ന് ഇറാൻ വ്യക്തമാക്കി. ഇറാന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കാതെ ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് ടെഹ്‌റാൻ. ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തത് ബന്ധം കൂടുതൽ വഷളാക്കിയിട്ടുണ്ട്.

അതേസമയം, ലോകത്തെ പ്രധാന വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം ശക്തമാക്കി. കപ്പലുകൾക്ക് ഇതുവഴി കടന്നുപോകാൻ മുൻകൂർ അനുമതി നിർബന്ധമാക്കിയിട്ടുണ്ട്. അമേരിക്കൻ നാവിക ഉപരോധം നിലനിൽക്കുന്നിടത്തോളം കാലം മറ്റ് കപ്പലുകളെയും കടത്തിവിടില്ലെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) മുന്നറിയിപ്പ് നൽകി. മേഖലയിലെ സംഘർഷം ആഗോള ഇന്ധന വിപണിയെയും ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *