ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ടോൾ നീക്കം; ഇന്ത്യയ്ക്ക് ഇളവ് ലഭിക്കുമോ എന്ന ആശങ്ക തുടരുന്നു

ലോകത്തെ പ്രധാന എണ്ണക്കപ്പൽ ഗതാഗതപാതയായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ടോൾ ഈടാക്കാനുള്ള ഇറാന്റെ നീക്കം ആഗോളതലത്തിൽ ആശങ്ക ഉയർത്തുന്നതിനിടെ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഇളവ് ലഭിക്കുമോ എന്ന ചർച്ച ശക്തമാകുന്നു. ലോക സമുദ്രമാർഗ്ഗ എണ്ണ-വാതക ഗതാഗതത്തിന്റെ ഏകദേശം 20 ശതമാനവും ഹോർമുസ് കടലിടുക്കിലൂടെയാണ് നടക്കുന്നത്.

ഇന്ത്യൻ ടാങ്കറുകളിൽ നിന്ന് ഇതുവരെ ടോൾ ഈടാക്കിയിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി വ്യക്തമാക്കിയിട്ടുണ്ട്. “ഇന്ത്യയും ഇറാനും നല്ല ബന്ധമാണ് പങ്കിടുന്നത്”െന്നും ഇന്ത്യൻ കപ്പലുകൾക്ക് സഹായകരമായ സംവിധാനങ്ങൾ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണത്തിനായി ‘പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി’ എന്ന പുതിയ സംവിധാനം ഇറാൻ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. കടലിടുക്ക് ഉപയോഗിക്കുന്ന കപ്പലുകൾക്ക് മുൻകൂർ അനുമതിയും പുതിയ പ്രോട്ടോക്കോളുകളും ബാധകമാക്കാനാണ് നീക്കം.

ഇന്ത്യയുടെ ക്രൂഡ് ഓയിൽ, എൽപിജി ഇറക്കുമതികളുടെ വലിയൊരു വിഹിതം ഹോർമുസ് കടലിടുക്കിനെ ആശ്രയിച്ചിരിക്കുന്നതിനാൽ സ്ഥിതിഗതികൾ ന്യൂഡൽഹി അടുത്തായി നിരീക്ഷിക്കുകയാണ്. ഇന്ത്യൻ പതാകയുള്ള കപ്പലുകൾക്ക് സുരക്ഷിത ഗതാഗതം ഉറപ്പാക്കാൻ ഇന്ത്യ നാവികസേനയുടെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്

ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോയ ഇന്ത്യൻ കപ്പലുകൾ ടോൾ നൽകിയിട്ടില്ലെന്ന് ഇന്ത്യ സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ടോൾ നൽകിയെന്ന തരത്തിലുള്ള ചില അവകാശവാദങ്ങൾ സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ടതാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *