തെക്കൻ ലെബനനിൽ വീണ്ടും ഒഴിപ്പിക്കൽ ഉത്തരവുമായി ഇസ്രായേൽ; വെടിനിർത്തലിനിടയിലും ആക്രമണം തുടരുന്നു

ബെയ്‌റൂട്ട്: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിർത്തൽ നിലനിൽക്കെ, തെക്കൻ ലെബനനിലെ പത്തിലധികം ഗ്രാമങ്ങളിൽ നിന്ന് ഉടനടി ഒഴിഞ്ഞുപോകാന്‍ താമസക്കാർക്ക് ഇസ്രായേൽ സൈന്യം നിർദേശം നൽകി. നിലവിൽ ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള മേഖലകൾക്ക് പുറത്തുള്ള നബാത്തിയ ജില്ലയിലെ ഗ്രാമങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് പുതിയ ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

തങ്ങളുടെ സുരക്ഷയ്ക്കായി വീടുകളിൽ നിന്ന് ഉടൻ മാറിനിൽക്കണമെന്നും ഗ്രാമങ്ങളിൽ നിന്ന് കുറഞ്ഞത് 1,000 മീറ്റർ അകലെയുള്ള തുറസായ സ്ഥലങ്ങളിലേക്ക് നീങ്ങണമെന്നും ഇസ്രായേൽ സൈനിക വക്താവ് അവിചായ് അദ്രായീ അറിയിച്ചു. ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ നബാത്തിയ ഉൾപ്പെടെയുള്ള തെക്കൻ ലെബനനിലെ വിവിധയിടങ്ങളിൽ ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തിയതായി ലെബനനിലെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഏപ്രിൽ 17 മുതൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടാണ് ഇസ്രായേലിന്റെ ഈ നടപടി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് ഇസ്രായേൽ സൈനികരും ഒരു കരാറുകാരനും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ലിതാനി നദിക്കും വടക്കുള്ള ഹിസ്ബുള്ള കേന്ദ്രങ്ങൾ തകർക്കുമെന്ന് ഇസ്രായേൽ സൈനിക മേധാവി എയാൽ സമീർ ഭീഷണി മുഴക്കിയിരുന്നു.

അതേസമയം, സമാധാന ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപ് ഇസ്രായേൽ വെടിനിർത്തൽ കരാർ പൂർണ്ണമായും പാലിക്കണമെന്ന് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ വ്യക്തമാക്കി. നേരിട്ടുള്ള ചർച്ചകൾക്കായി അമേരിക്ക സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങൾ മേഖലയിലെ സമാധാനശ്രമങ്ങൾക്ക് തിരിച്ചടിയാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *