തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുസ്‌ലിം വിരുദ്ധ പരാമർശങ്ങളെ എതിർക്കാതിരുന്നത് തെറ്റായിപ്പോയെന്ന് മുൻ മന്ത്രി വി.എൻ. വാസവൻ തുറന്നുപറഞ്ഞു. സിപിഎം കിളിമാനൂർ ഏരിയ കമ്മിറ്റി യോഗത്തിലാണ് വാസവന്റെ പ്രതികരണം. വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങളോട് സിപിഎം മൃദുസമീപനം സ്വീകരിക്കുന്നുവെന്ന വിമർശനം നിലനിൽക്കുന്നതിനിടെയാണ് വാസവന്റെ പ്രതികരണം ശ്രദ്ധേയമായത്.
പാർട്ടിക്കുള്ളിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെക്കുന്ന നിലപാടായാണ് ഇത് വിലയിരുത്തപ്പെടുന്നത്. യോഗത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും വിമർശിച്ച് അഭിപ്രായങ്ങൾ ഉയർന്നതായും റിപ്പോർട്ടുണ്ട്. വെള്ളാപ്പള്ളി കുമാരനാശാനെക്കാൾ വലിയ വ്യക്തിയാണെന്ന തരത്തിലുള്ള പ്രസ്താവന അസംബന്ധമാണെന്ന വിമർശനവും യോഗത്തിൽ ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു.

