മിസോറി: ഫിഫ ലോകകപ്പിൽ അൾജീരിയയ്ക്കെതിരെ നേടിയ ഹാട്രിക്കോടെ, ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ജർമൻ മുൻ താരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പമെത്തി അർജന്റീനൻ സൂപ്പർ താരം ലയണൽ മെസി. 13 ഗോളുകളുമായി 2026 ലോകകപ്പ് എഡിഷനെത്തിയ മെസി, ഇതോടെ ലോകകപ്പിൽ 16 ഗോളുകൾ എന്ന ക്ലോസെയുടെ റെക്കോർഡിനൊപ്പമെത്തി.
ഈ അപൂർവ നേട്ടത്തെക്കുറിച്ച് മത്സരശേഷം മെസി പ്രതികരിച്ചു. ക്ലോസെയ്ക്കും ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോയ്ക്കുമൊപ്പം റെക്കോർഡിൽ എത്തുവാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയാണെന്ന് മെസി പറഞ്ഞു. എന്നാൽ ഈ സ്ഥിതിവിവരക്കണക്കുകളിൽ വലിയ കാര്യമില്ലെന്നും ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ തൊട്ടുപിന്നാലെയുണ്ടെന്നും മെസി ഓർമ്മിപ്പിച്ചു. സെനഗലിനെതിരായ മത്സരത്തിൽ എംബാപ്പെ രണ്ട് ഗോളുകൾ നേടിയിരുന്നു. താൻ കണ്ടുവളർന്ന മഹാനായ കളിക്കാരിലൊരാളായ റൊണാൾഡോ നസാരിയോ പട്ടികയുടെ തലപ്പത്തല്ലെന്നും, അതിനാൽ ഇതെല്ലാം വെറും കണക്കുകൾ മാത്രമാണെന്നും മെസി കൂട്ടിച്ചേർത്തു.
മത്സരത്തിലെ ആദ്യ ഗോളിന് ശേഷം താൻ മൈതാനത്ത് കരഞ്ഞതിനെക്കുറിച്ചും മെസി വ്യക്തമാക്കി. അത് ഫുട്ബോളുമായി ബന്ധമുള്ള ഒന്നായിരുന്നില്ലെന്നും താൻ വ്യക്തിപരമായി ചില ദുഷ്കരമായ ദിവസങ്ങളിലൂടെയാണ് കടന്നുപോയതെന്നും മെസി വെളിപ്പെടുത്തി. പ്രതിസന്ധി ഘട്ടത്തിൽ ടീം ഒന്നടങ്കം തനിക്കൊപ്പം നിൽക്കുകയും പിന്തുണയും കരുത്തും നൽകുകയും ചെയ്തു. ഈ അത്ഭുതകരമായ ടീമിനോട് തനിക്ക് വലിയ നന്ദിയുണ്ടെന്നും താരം പറഞ്ഞു.
തന്റെ ആറാമത്തെ ലോകകപ്പാണിതെന്നും ഭാഗ്യവശാൽ നന്നായി കളിക്കാൻ സാധിക്കുന്നുണ്ടെന്നും മെസി പറഞ്ഞു. ലോകകപ്പിലെ ആദ്യ മത്സരം എപ്പോഴും കഠിനമായിരിക്കും. മികച്ച ദേശീയ ടീമുകൾ ഏറ്റുമുട്ടുന്ന ടൂർണമെന്റിൽ ആരും ഒന്നും വിട്ടുകൊടുക്കില്ല. അതുകൊണ്ടുതന്നെ കഠിനമായ ഈ മത്സരത്തിൽ വിജയത്തോടെ തുടക്കമിടാൻ കഴിഞ്ഞത് പ്രധാനമാണെന്നും മെസി വ്യക്തമാക്കി.

