ഹൂസ്റ്റൺ: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിലെ ആദ്യ റൗണ്ട് പോരാട്ടങ്ങൾക്ക് അവസാനമായി. ഗ്രൂപ്പ് കെ-യിൽ നടന്ന തങ്ങളുടെ അവസാന മത്സരത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയോട് സമനില വഴങ്ങി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു (1-1). തിളക്കമില്ലാത്ത പ്രകടനമാണ് മത്സരത്തിൽ പോർച്ചുഗൽ കാഴ്ചവെച്ചത്.
മത്സരത്തിന്റെ ആറാം മിനിറ്റിൽത്തന്നെ ജാവോ നേവ്സ് നേടിയ ഗോളിലൂടെ പോർച്ചുഗലാണ് ആദ്യം ലീഡെടുത്തത്.
നേവ്സിന്റെ ഗോളിന് പിന്നാലെ പോർച്ചുഗീസ് ആരാധകർ വലിയ ആവേശത്തിലായെങ്കിലും പിന്നീട് കളി കൈവിട്ടു. ആദ്യ പകുതിയുടെ അധിക സമയത്ത് (45+5 മിനിറ്റ്) വിസയിലൂടെ കോംഗോ സമനില ഗോൾ മടക്കി.
രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും കോംഗോയുടെ പ്രതിരോധപ്പൂട്ട് പൊളിക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.
സമനിലയുടെ നിരാശയോടെയാണ് പോർച്ചുഗൽ നായകൻ റൊണാൾഡോയും സംഘവും മൈതാനം വിട്ടത്. ഈ മത്സരത്തോടെ ലോകകപ്പിന്റെ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായി. ടൂർണമെന്റിലെ രണ്ടാം റൗണ്ട് പോരാട്ടങ്ങൾക്ക് ജൂൺ 18-ഓടെ തുടക്കമാകും.

