കുമളി: വ്യാപാരികളുടെയും കുടുംബാംഗങ്ങളുടെയും വൻ പങ്കാളിത്തം കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റിന്റെ ‘കുടുംബമേള 2026’ ശ്രദ്ധേയമായി. തിങ്കളാഴ്ച കുമളി ഹോളിഡേ ഹോമിൽ നടന്ന സംഗമം വ്യാപാരികൾക്കിടയിലെ ഐക്യവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന വേദിയായി മാറി.
വൈകുന്നേരം നടന്ന ഔദ്യോഗിക ചടങ്ങിൽ കെ.വി.വി.എസ്. ഇടുക്കി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ മേള ഉദ്ഘാടനം ചെയ്തു. വ്യാപാര മേഖല നേരിടുന്ന കടുത്ത വെല്ലുവിളികളെ അതിജീവിക്കാൻ ഇത്തരം ഒത്തുചേരലുകൾ വലിയ ഊർജ്ജം നൽകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ പുളിക്കണ്ടം ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പീരുമേട് എം.എൽ.എ. സിറിയക് തോമസിന് കുമളി യൂണിറ്റിന്റെ നേതൃത്വത്തിൽ ചടങ്ങിൽ ഉജ്ജ്വല സ്വീകരണം നൽകി. ജില്ലാ ജനറൽ സെക്രട്ടറി നജീബ് ഇലന്തൂപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.
ഉച്ചയ്ക്ക് 2 മണിക്ക് വിവിധ കലാ-കായിക പരിപാടികളോടെയാണ് മേള ആരംഭിച്ചത്. വ്യാപാരികളുടെ മക്കൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ സംഗമത്തിന് മാറ്റ് കൂട്ടി. യൂണിറ്റ് വൈസ് പ്രസിഡന്റ് ഷിബു എം തോമസ്, ജോയി മേക്കുന്നേൽ, ആൻസി ജയിസ്, സനുപ് സ്കറിയ, കുസമം ജോസഫ് എന്നിവരും വിവിധ സബ് കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. വിഭവസമൃദ്ധമായ സ്നേഹവിരുന്നോടെ രാത്രി വൈകിയാണ് മേള സമാപിച്ചത്.

