മഴക്കാലം വരുന്നു; കുമളി നാളെ ശുചീകരിക്കും, വിപുലമായ ഒരുക്കങ്ങളുമായി ഗ്രാമപഞ്ചായത്ത്

കുമളി: മഴക്കാലത്തിന് മുന്നോടിയായി നാടിനെ പകർച്ചവ്യാധി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കുമളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നാളെ (മെയ് 13) ‘മെഗാ ക്ലീനിംഗ്’ ഡ്രൈവ് സംഘടിപ്പിക്കുന്നു. പഞ്ചായത്തിലെ 22 വാർഡുകളിലും ഒരേസമയം ശുചീകരണ പ്രവർത്തനങ്ങൾ നടത്തി പരിസരം വൃത്തിയാക്കാനാണ് പദ്ധതി.

നാളെ രാവിലെ 10 മണിക്ക് ആനവച്ചാൽ എലിഫന്റ് ജംഗ്ഷന് സമീപം നടക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം വർഗീസ് ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മെയ് എട്ടിന് ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് മഴക്കാല പൂർവ്വ ശുചീകരണം വിപുലമായി നടപ്പാക്കാൻ തീരുമാനിച്ചത്.

പഞ്ചായത്തിലെ എല്ലാ വാർഡുകളിലുമുള്ള പൊതുസ്ഥലങ്ങൾ, ഓടകൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം നടക്കുക. നാടിന്റെ ആരോഗ്യ സുരക്ഷ മുൻനിർത്തി പൊതുജനങ്ങളും സന്നദ്ധ പ്രവർത്തകരും തങ്ങളുടെ തിരക്കുകൾ മാറ്റിവെച്ച് ഈ ശുചീകരണ യജ്ഞത്തിൽ സജീവമായി പങ്കാളികളാകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഭ്യർത്ഥിച്ചു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും പകർച്ചവ്യാധികൾ പടരാതിരിക്കാനുള്ള മുൻകരുതൽ പ്രവർത്തനങ്ങൾക്കുമാണ് മുൻഗണന നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *