ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ കേന്ദ്ര മന്ത്രിസഭയിൽ വൻ അഴിച്ചുപണിക്കും പുനഃസംഘടനയ്ക്കും കളമൊരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കഴിഞ്ഞ ദിവസം നടത്തിയ അടിയന്തര കൂടിക്കാഴ്ചയാണ് ഈ സൂചനകൾക്ക് ബലം നൽകുന്നത്. മന്ത്രിസഭയിൽ വരാൻ പോകുന്ന വലിയ മാറ്റങ്ങളെക്കുറിച്ചും പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയെക്കുറിച്ചും ഇരുനേതാക്കളും രാഷ്ട്രപതിയെ ധരിപ്പിച്ചതായാണ് ഡൽഹിയിൽ നിന്നുള്ള വിശ്വസനീയമായ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സഖ്യകക്ഷികളായ ജനതാദൾ യുണൈറ്റഡ് , ആം ആദ്മി പാർട്ടി എന്നിവരിൽ നിന്നുള്ള പ്രമുഖ നേതാക്കൾ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സൂചന. എ.എ.പി നേതാവ് രാഘവ് ഛദ്ദ, ജെ.ഡി.യു അധ്യക്ഷൻ നിതീഷ് കുമാർ എന്നിവർ കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന വാർത്തകളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. ചില നിലവിലുള്ള മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്താനും മോശം പ്രകടനം കാഴ്ചവെച്ച ചിലരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാനും സാധ്യതയുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗം കൂടിയാണ് ഈ പെട്ടെന്നുള്ള പുനഃസംഘടനയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഔദ്യോഗികമായ പ്രഖ്യാപനവും പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങും അടുത്ത ദിവസങ്ങളിൽ തന്നെ രാഷ്ട്രപതി ഭവനിൽ വെച്ച് നടക്കുമെന്നാണ് സൂചന.

