ന്യൂഡൽഹി: പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരവാദ കേന്ദ്രങ്ങൾ തകർക്കാൻ ഇന്ത്യൻ സായുധ സേന നടത്തിയ പ്രത്യാക്രമണമായ ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിനിടെ വീരമൃത്യു വരിച്ച ആറ് ജവാന്മാരുടെ പേരുകൾ രാജ്യം ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ടു. ഡൽഹിയിലെ നാഷണൽ വാർ മെമ്മോറിയലിന്റെ വെബ്സൈറ്റിലെ ‘റോൾ ഓഫ് ഓണർ’ വിഭാഗത്തിലാണ് ഇവരുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ സ്മാരകത്തിലെ 2025 വിഭാഗത്തിലെ പ്രത്യേക മതിലിലും ഈ ധീരന്മാരുടെ പേരുകൾ കൊത്തിവെച്ചിട്ടുണ്ട്.
കരസേനയിലെ അഞ്ച് ജവാന്മാരും വ്യോമസേനയിലെ ഒരു സർജന്റും അടങ്ങുന്നതാണ് ഈ വീരജവാന്മാരുടെ പട്ടിക. സുബേദാർ മേജർ പവൻ കുമാർ (ഹെഡ്ക്വാർട്ടേഴ്സ് 10 ഇൻഫൻട്രി ബ്രിഗേഡ്), റൈഫിൾമാൻ സുനിൽ കുമാർ (4 ജമ്മു ആൻഡ് കശ്മീർ ലൈറ്റ് ഇൻഫൻട്രി), ലാൻസ് നായിക് ദിനേഷ് കുമാർ (5 ഫീൽഡ് റെജിമെന്റ്), ഏവിയേഷൻ ടെക്നീഷ്യൻ മൂഡ് മുരളി നായിക് (851 ലൈറ്റ് റെജിമെന്റ്), ഹവിൽദാർ സുനിൽ കുമാർ സിംഗ് (237 ഫീൽഡ് വർക്ക്ഷോപ്പ് കമ്പനി), സർജന്റ് സുരേന്ദ്ര കുമാർ (വ്യോമസേനയുടെ 39 വിങ്) എന്നിവരാണ് രാജ്യത്തിനായി ജീവൻ ബലിനൽകിയത്. ഇവരിൽ റൈഫിൾമാൻ സുനിൽ കുമാറിന് രാജ്യം വീരചക്ര (മരണാനന്തരം) ബഹുമതിയും സാർജന്റ് സുരേന്ദ്ര കുമാറിന് വായുസേന മെഡലും (മരണാനന്തരം) നൽകി നേരത്തെ ആദരിച്ചിരുന്നു.
മെയ് 7-ന് പുലർച്ചെയാണ് ഇന്ത്യൻ സൈന്യം അതിസാഹസികമായ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. അത്യാധുനിക ബ്രഹ്മോസ് മിസൈലുകളും, ആകാശ് വ്യോമപ്രതിരോധ സംവിധാനങ്ങളും, തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം. ഈ ശക്തമായ ദൗത്യത്തിലൂടെ പാകിസ്ഥാന്റെ അതിർത്തിക്കുള്ളിലെ ഒമ്പതോളം പ്രധാന ഭീകരവാദ ക്യാമ്പുകൾ ഇന്ത്യൻ സേന പൂർണ്ണമായി തകർത്തു. ആക്രമണത്തിൽ നൂറിലധികം ഭീകരരും നൂറോളം പാക് സൈനികരും കൊല്ലപ്പെടുകയും പാകിസ്ഥാന്റെ 13 യുദ്ധവിമാനങ്ങൾ തകരുകയും ചെയ്തതായി പിന്നീട് ഇന്ത്യൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ പരമാധികാരം കാക്കാൻ പോരാടി വീരമൃത്യു വരിച്ച ജവാന്മാർക്ക് രാജ്യം ഇപ്പോൾ അർഹമായ ആദരവാണ് നൽകിയിരിക്കുന്നത്

