ഐസിസ് വധുക്കളെന്ന് ആരോപിക്കപ്പെടുന്ന അമ്മയും മകളും ജയിലിൽ തുടരും; അടിമത്തം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഓസ്‌ട്രേലിയൻ പോലീസ്

മെൽബൺ: സിറിയയിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ അറസ്റ്റിലായ അമ്മയും മകളും ജാമ്യാപേക്ഷ പിൻവലിച്ചു. 53-കാരിയായ കൗസർ അബ്ബാസ്, മകൾ സൈനബ് അഹമ്മദ് (31) എന്നിവരാണ് തിങ്കളാഴ്ച മെൽബൺ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കാനിരുന്ന ജാമ്യാപേക്ഷ വേണ്ടെന്ന് വെച്ചത്. മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളും അടിമത്തവും ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സിറിയയിലെ അഭയാർത്ഥി ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ഓസ്‌ട്രേലിയയിൽ തിരിച്ചെത്തിയത്. പത്തുവർഷത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. 2014-ൽ കുടുംബത്തോടൊപ്പം സിറിയയിലേക്ക് പോയ കൗസർ അബ്ബാസ്, അവിടെ വെച്ച് 10,000 യുഎസ് ഡോളർ നൽകി ഒരു യുവതിയെ അടിമയായി വാങ്ങിയെന്നും അവരെ വീട്ടിൽ തടഞ്ഞുവെച്ചെന്നുമാണ് പ്രധാന ആരോപണം. 2017 ജൂണിനും 2018 നവംബറിനും ഇടയിൽ സിറിയയിലെ വിവിധയിടങ്ങളിൽ വെച്ച് ഇവർ അടിമക്കച്ചവടം നടത്തിയതായും കുറ്റപത്രത്തിൽ പറയുന്നു.

കൗസറിന്റെ മകൾ സൈനബ് അഹമ്മദും തന്റെ വീട്ടിൽ ഒരു യുവതിയെ അടിമയായി താമസിപ്പിച്ചുവെന്നും ഉപയോഗിച്ചുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സിവിലിയൻ ജനതയ്ക്ക് നേരെ നടന്ന വ്യവസ്ഥാപിതമായ ആക്രമണങ്ങളുടെ ഭാഗമായാണ് ഇവരുടെ പ്രവൃത്തികളെന്ന് കോടതിയിൽ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നു. കുറ്റം തെളിയിക്കപ്പെട്ടാൽ 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇതേ സംഘത്തോടൊപ്പം എത്തിയ ജനായ് സഫർ (32) എന്ന മറ്റൊരു യുവതിയെ സിഡ്‌നിയിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. തീവ്രവാദ സംഘടനയിൽ അംഗമായതിനും നിരോധിത മേഖലയിൽ പ്രവേശിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. കൗസറിനും സൈനബിനും വേണ്ടി പ്രമുഖ അഭിഭാഷകർ കോടതിയിൽ ഹാജരാകുന്നുണ്ട്. ഇവരുടെ പുതിയ ജാമ്യാപേക്ഷ ജൂൺ 16-ന് കോടതി പരിഗണിക്കും. അതുവരെ ഇരുവരും ജയിലിൽ തുടരേണ്ടി വരും

Leave a Reply

Your email address will not be published. Required fields are marked *