തൃശൂർ: മുണ്ടത്തിക്കോട് പടക്ക നിർമ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ 16 ആയി ഉയർന്നു.ഏപ്രിൽ 21ന് നടന്ന അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ എടപ്പാൾ സ്വദേശി ഉണ്ണികൃഷ്ണൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഇയാൾക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിലായിരുന്നു
സംഭവസമയത്ത് പടക്ക നിർമ്മാണ യൂണിറ്റിൽ 38 പേർ ഉണ്ടായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇവരിൽ 16 പേർ മരിച്ചു, നാല് പേർ ഇപ്പോഴും കാണാതായ നിലയിലാണ്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നതായും അധികൃതർ അറിയിച്ചു.
തൃശൂർ പൂരം ഉത്സവത്തോട് അനുബന്ധിച്ച് തിരുവമ്പാടി ദേവസ്വത്തിനായി പടക്കങ്ങൾ നിർമ്മിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ലൈസൻസുകാരനും മുമ്പ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചിരുന്നു.സ്ഫോടനത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

