ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര തിളക്കത്തിൽ മലയാള സിനിമ. മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മിയെ തെരഞ്ഞെടുത്തു. ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലെ ‘അങ്ങ് വാനകോണിൽ’ എന്ന ഗാനത്തിനാണ് പുരസ്കാരം. അപ്രതീക്ഷിതമായാണ് പുരസ്കാര വാർത്ത എത്തിയതെന്നും ദൈവത്തിനും കൂടെ നിന്നവർക്കും നന്ദി പറയുന്നുവെന്നും വൈക്കം വിജയലക്ഷ്മി പ്രതികരിച്ചു. 34 ഭാഷകളിൽ നിന്നായി നാനൂറോളം സിനിമകളാണ് ഇത്തവണ പുരസ്കാരത്തിനായി മത്സരിച്ചത്.
‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മമ്മൂട്ടിയുടെ നാലാമത്തെ ദേശീയ പുരസ്കാരമാണിത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിലെ കൊടുമൺ പോറ്റി, ചാത്തൻ എന്നീ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയതിനാണ് നേട്ടം. ഈ പ്രകടനത്തിന് നേരത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. മുൻപ് ഒരു വടക്കൻ വീരഗാഥ, മതിലുകൾ, പൊന്തൻമാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെയാണ് മമ്മൂട്ടി ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുള്ളത്.

