കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഹർജിയിൽ വിധി പിന്നീട് പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു.
വാദത്തിനിടെ പ്രോസിക്യൂഷൻ പ്രതികളായ ഡോ. എം.കെ. റാം ഉൾപ്പെടെയുള്ളവർ നിതിനെ നിരന്തരം അധിക്ഷേപിച്ചിരുന്നുവെന്നും, സംഭവദിവസം പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന സംഭവങ്ങൾ ആത്മഹത്യയിലേക്ക് നയിച്ചുവെന്നും കോടതിയിൽ വാദിച്ചു. നിതിൻ കെട്ടിടത്തിൽ നിന്ന് ചാടിയ വിവരം അറിഞ്ഞപ്പോൾ ഡോ. റാം അപമാനകരമായ പരാമർശം നടത്തിയതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
അതേസമയം, പ്രതിഭാഗം ആരോപണങ്ങൾ നിഷേധിച്ചു. നിതിന്റെ മരണത്തിന് ലോൺ ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കാരണമെന്നും, സംഭവസമയത്ത് പ്രതികൾ സ്ഥലത്തില്ലായിരുന്നുവെന്നും അവർ വാദിച്ചു.
പ്രതികളിൽ ഒരാളായ ഡോ. റാം താൻ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടയാളാണെന്ന് ചൂണ്ടിക്കാട്ടി എസ്.സി/എസ്.ടി അതിക്രമം തടയൽ നിയമം ബാധകമല്ലെന്ന വാദവും മുന്നോട്ടുവച്ചു. എന്നാൽ ഇത് പ്രോസിക്യൂഷൻ ചോദ്യം ചെയ്തു.
കേസിൽ നിതിൻ രാജിന്റെ പിതാവും കക്ഷിയായി കോടതിയിൽ ഹാജരായി തന്റെ വാദങ്ങൾ സമർപ്പിച്ചിട്ടുണ്ട്. പ്രോസിക്യൂഷൻ സമർപ്പിച്ച സിസിടിവി ദൃശ്യങ്ങളും മറ്റ് രേഖകളും കോടതി പരിഗണനയിൽ എടുത്തിട്ടുണ്ട്.

