ഒക്ടോബർ 7 ആക്രമണം; വ്യാപക ലൈംഗികാതിക്രമങ്ങൾ നടന്നതായി റിപ്പോർട്ട്

ടെൽ അവീവ്: 2023 ഒക്ടോബർ 7ന് ഇസ്രയേലിൽ നടന്ന ഹമാസ് ആക്രമണത്തിനിടെ വ്യാപകമായ ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും നടന്നതായി പുതിയ അന്വേഷണ റിപ്പോർട്ട്. ഇസ്രയേലി സ്വതന്ത്ര സംഘടനയായ ‘സിവിൽ കമ്മിഷൻ ഓൺ ഒക്ടോബർ 7 ക്രൈംസ്’ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഗുരുതര ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്.

രണ്ട് വർഷത്തിലേറെ നീണ്ട അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 400-ലധികം സാക്ഷിമൊഴികൾ, ആയിരക്കണക്കിന് ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും, ഫോറൻസിക് വിവരങ്ങളും പരിശോധിച്ച ശേഷമാണ് കണ്ടെത്തലുകളെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബലാത്സംഗം, കൂട്ടബലാത്സംഗം, ലൈംഗിക പീഡനം, ശരീര വികൃതീകരണം എന്നിവ ആക്രമണത്തിന്റെ ഭാഗമായിരുന്നുവെന്നാണ് റിപ്പോർട്ടിലെ ആരോപണം. നോവ മ്യൂസിക് ഫെസ്റ്റിവൽ പ്രദേശം, വിവിധ കിബ്ബൂട്ട്സുകൾ, സൈനിക കേന്ദ്രങ്ങൾ, ഗാസയിലേക്ക് കൊണ്ടുപോയ ബന്ദികളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇത്തരം അതിക്രമങ്ങൾ നടന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകൾക്കും കുട്ടികൾക്കും പുറമെ പുരുഷന്മാരും ലൈംഗിക പീഡനത്തിന് ഇരയായതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, 2024ൽ ഐക്യരാഷ്ട്ര സഭ നിയോഗിച്ച പ്രത്യേക പ്രതിനിധി പ്രമിള പാറ്റന്റെ സംഘം നടത്തിയ അന്വേഷണത്തിലും ഒക്ടോബർ 7 ആക്രമണത്തിനിടെ ലൈംഗിക അതിക്രമങ്ങൾ നടന്നതായി “വിശ്വസിക്കാവുന്ന അടിസ്ഥാനങ്ങൾ” ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ചില സ്ഥലങ്ങളിൽ ബലാത്സംഗവും കൂട്ടബലാത്സംഗവും നടന്നതായി യുഎൻ റിപ്പോർട്ടിൽ പരാമർശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *