സിഡ്നി: സിഡ്നിയിലെ ഒരു പെട്രോൾ പമ്പിൽ ഇന്ധനവില ലിറ്ററിന് 78 സെന്റായി കുറഞ്ഞതിനെത്തുടർന്ന് വൻ ജനത്തിരക്ക്. സിഡ്നിയിലെ ബ്ലാക്ക്ടൗണിലുള്ള മെട്രോ പെട്രോളിയം പമ്പിലാണ് വില അവിശ്വസനീയമാംവിധം കുറഞ്ഞത്. തിരക്ക് നിയന്ത്രിക്കാൻ ഒടുവിൽ പോലീസിനെപ്പോലും വിളിക്കേണ്ടി വന്നു.
പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇത്രയും കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭ്യമാകുന്നത്. എന്നാൽ ഇത് സർക്കാരിന്റെ വിലക്കുറവല്ല, മറിച്ച് ഒരു മുൻ ഫെഡറൽ സ്ഥാനാർത്ഥി നൽകിയ സമ്മാനമായിരുന്നു. മാത്യു കാമെൻസുലി എന്ന സ്ഥാനാർത്ഥിയാണ് ഈ വ്യത്യസ്തമായ പ്രതിഷേധത്തിനും സഹായത്തിനും പിന്നിൽ. തിരഞ്ഞെടുപ്പിൽ നാല് ശതമാനം വോട്ട് ലഭിച്ചതിനെത്തുടർന്ന് സർക്കാരിൽ നിന്ന് ലഭിച്ച ഫണ്ട് ജനങ്ങൾക്ക് തന്നെ തിരികെ നൽകാനാണ് അദ്ദേഹം ഈ വഴി തിരഞ്ഞെടുത്തത്.
നികുതിപ്പണം തനിക്ക് വേണ്ടെന്നും അത് ജനങ്ങൾക്ക് തന്നെ ലഭിക്കണമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഫ്ലഷ്കോംബ് റോഡിലെ പെട്രോൾ പമ്പിൽ താൻ നൽകിയ 10,000 ഡോളർ തീരുന്നത് വരെ പെട്രോൾ വില 78 സെന്റായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഏകദേശം മൂന്ന് മണിക്കൂർ കൊണ്ട് ഈ തുക തീരുകയും പെട്രോൾ വില പഴയ നിലയിലാകുകയും ചെയ്തു. ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില വർദ്ധിക്കാനിരിക്കെയാണ് ഈ താൽക്കാലിക ആശ്വാസം സിഡ്നി നിവാസികളെ തേടിയെത്തിയത്. അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് ഉറപ്പില്ലെങ്കിലും ജനങ്ങളുടെ പിന്തുണ നേടാൻ ഈ നടപടി സഹായിച്ചതായി അദ്ദേഹം പറഞ്ഞു

