തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, സ്വകാര്യ കമ്പനികൾ തുടങ്ങിയവയിൽ ജീവനക്കാരെ നിയമിക്കുന്നതിന്റെ ഭാഗമായുള്ള പോലീസ് വെരിഫിക്കേഷൻ നടപടികൾ കേരള പോലീസ് ഓൺലൈൻ വഴിയാക്കി. ഇനി മുതൽ വെരിഫിക്കേഷനുള്ള അപേക്ഷകൾ കേരള പോലീസിന്റെ ഔദ്യോഗിക സിറ്റിസൺ സർവീസ് പോർട്ടലായ ‘തുണ’ (https://thuna.keralapolice.gov.in) വഴി സമർപ്പിക്കാം.
ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ആദ്യം തുണ പോർട്ടലിൽ ഓൺലൈനായി ഓർഗനൈസേഷൻ അക്കൗണ്ട് ആരംഭിക്കണം. സ്ഥാപനത്തിന്റെ പരിധിയിലുള്ള പോലീസ് സ്റ്റേഷനിൽ അപേക്ഷ പരിശോധിച്ച് അംഗീകാരം നൽകുന്നതോടെ ജീവനക്കാരുടെ പോലീസ് വെരിഫിക്കേഷനുള്ള അപേക്ഷകൾ നൽകിത്തുടങ്ങാം.
തുണ പോർട്ടൽ വഴി നൽകുന്ന അപേക്ഷകൾ തുടർനടപടികൾക്കായി ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിയുടെ (SP/CP) ഓഫീസിൽ ലഭ്യമാകും. അപേക്ഷ നൽകുന്നത് മുതൽ വെരിഫിക്കേഷൻ പൂർത്തിയാകുന്നത് വരെയുള്ള നടപടികൾ കൂടുതൽ ലളിതവും കാര്യക്ഷമവും സുതാര്യവുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ സേവനത്തിന് 05.11.2024-ലെ സർക്കാർ ഉത്തരവ് (G.O.(P) No.77/2024/HOME) പ്രകാരം നിശ്ചയിച്ചിട്ടുള്ള ഫീസ് നിരക്കുകൾ ബാധകമായിരിക്കും. സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ ജീവനക്കാരുടെ വെരിഫിക്കേഷനായി ഈ ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് കേരള പോലീസ് അറിയിച്ചു.

