ഗാംഗ്ടോക്ക്: സിക്കിം സന്ദർശനത്തിനിടെ ഫുട്ബോൾ മൈതാനത്ത് ആവേശം വിതറി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന രൂപീകരണത്തിന്റെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഗാംഗ്ടോക്കിലെത്തിയ അദ്ദേഹം, ഇന്ന് രാവിലെ യുവ കായിക താരങ്ങൾക്കൊപ്പം ഫുട്ബോൾ കളിച്ചാണ് സമയം ചെലവിട്ടത്.
കുട്ടികൾക്കൊപ്പം പന്തുതട്ടിയും അവർക്ക് പ്രോത്സാഹനം നൽകിയും സജീവമായി മൈതാനത്തുണ്ടായിരുന്ന പ്രധാനമന്ത്രി, ഗോൾ പോസ്റ്റിലേക്ക് പന്ത് അടിച്ചുകയറ്റുകയും ചെയ്തു. കായിക പരിശീലനത്തിൽ വെറും പ്രാക്ടീസ് കൊണ്ട് മാത്രം കാര്യമില്ലെന്നും മത്സരങ്ങളിൽ പങ്കെടുക്കുമ്പോഴാണ് കൂടുതൽ കാര്യങ്ങൾ പഠിക്കാനും ആവേശം നിലനിർത്താനും കഴിയുകയെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. വരും ദിവസങ്ങളിൽ ഫുട്ബോളിനെ കൂടുതൽ ജനപ്രിയമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒളിംപിക്സ് ആതിഥേയത്വത്തിനായി ഇന്ത്യ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് കുട്ടികളോട് സംസാരിച്ച അദ്ദേഹം, ഭാവിയിൽ ഇന്ത്യയിൽ ഒളിംപിക്സ് നടക്കുമ്പോഴേക്കും മികച്ച താരങ്ങളായി വളരാൻ കുട്ടികൾക്ക് പ്രചോദനം നൽകി. സിക്കിമിലെ ഫുട്ബോൾ സംസ്കാരത്തെ പ്രശംസിച്ച പ്രധാനമന്ത്രി, ഗാംഗ്ടോക്കിലെ ഈ ഫുട്ബോൾ പ്രഭാതം ഏറെ ആസ്വാദ്യകരമായിരുന്നുവെന്നും കുറിച്ചു. പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനവും ഇടപെടലുകളും യുവതാരങ്ങളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്.

