അറ്റ്‌ലാന്റിക് സമുദ്രത്തിലെ ആഡംബര കപ്പലിൽ ശ്വാസകോശ രോഗബാധ; മൂന്ന് മരണം, അതീവ ജാഗ്രത

ജോഹന്നാസ്ബർഗ്: അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ആഡംബര കപ്പലിൽ പടർന്നുപിടിച്ച ‘സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൽനസ്’ (Severe Acute Respiratory Illness) മൂന്ന് പേരുടെ ജീവനെടുത്തു. അർജന്റീനയിലെ ഉഷുവയയിൽ നിന്ന് കേപ് വെർഡെയിലേക്ക് സഞ്ചരിക്കുകയായിരുന്ന ‘എം.വി ഹോണ്ടിയസ്’ (MV Hondius) എന്ന കപ്പലിലാണ് രോഗബാധയുണ്ടായതെന്ന് ദക്ഷിണാഫ്രിക്കൻ ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും (WHO) സ്ഥിരീകരിച്ചു.

കപ്പലിൽ പടർന്നത് എലികളിലൂടെയും മറ്റും പകരുന്ന ‘ഹന്റാവൈറസ്’ (Hantavirus) ആണെന്ന് പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്. രോഗബാധിതനായ ഒരാൾ ജോഹന്നാസ്ബർഗിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന് ഹന്റാവൈറസ് ബാധിച്ചതായി ദക്ഷിണാഫ്രിക്കൻ വക്താവ് ഫോസ്റ്റർ മൊഹാലെ അറിയിച്ചു.

മരിച്ചവരിൽ ഒരു ഡച്ച് ദമ്പതികളും ഉൾപ്പെടുന്നു. 70 വയസ്സുള്ള യാത്രക്കാരൻ കപ്പലിൽ വെച്ച് തന്നെ മരണപ്പെടുകയും മൃതദേഹം സെന്റ് ഹെലീന ദ്വീപിൽ ഇറക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ഭാര്യ (69) ദക്ഷിണാഫ്രിക്കയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൂന്നാമത്തെ മരണം ബ്രിട്ടീഷ് സ്വദേശിയുടേതാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

കപ്പലിൽ കൂടുതൽ പേർക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കപ്പൽ നിലവിൽ കേപ് വെർഡെയിലെ പ്രിയ തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരിക്കുകയാണ്. രോഗബാധിതരായ യാത്രക്കാരെ ഒഴിപ്പിക്കുന്നതിനും മറ്റ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ ഏകോപിത നീക്കങ്ങൾ നടക്കുന്നുണ്ട്.

എലികളുടെ മൂത്രം, വിസർജ്യം എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് ഹന്റാവൈറസ് സാധാരണയായി പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് അപൂർവ്വമാണെങ്കിലും, കപ്പലിലെ സാഹചര്യം കണക്കിലെടുത്ത് കനത്ത ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്. കപ്പലിൽ ഏകദേശം 150-ഓളം യാത്രക്കാരും 70-ഓളം ജീവനക്കാരുമാണുള്ളത്. രോഗവ്യാപനം തടയാൻ ദക്ഷിണാഫ്രിക്കൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസസ് (NICD) സമ്പർക്കപ്പട്ടിക തയ്യാറാക്കി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *