ഖനന മേഖലയിലെ ജീവനക്കാരികൾക്ക് നേരെ ലൈംഗിക അതിക്രമം; ഫോർട്ടെസ്ക്യൂ കമ്പനിക്കെതിരെ കൂട്ടഹർജി

മെൽബൺ: ശതകോടീശ്വരൻ ആൻഡ്രൂ ഫോറസ്റ്റിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഇരുമ്പയിര് ഖനന കമ്പനിയായ ഫോർട്ടെസ്ക്യൂവിനെതിരെ ജീവനക്കാരികളുടെ കൂട്ടഹർജി. കമ്പനിയുടെ വിദൂര പ്രദേശങ്ങളിലെ ഖനന കേന്ദ്രങ്ങളിൽ വ്യവസ്ഥാപിതമായ ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും പ്രതികാര നടപടികളും നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് വനിതാ ജീവനക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്. വിക്ടോറിയയിലെ ഫെഡറൽ കോടതിയിലാണ് വ്യാഴാഴ്ച കേസ് ഫയൽ ചെയ്തത്.

തങ്ങൾ നേരിട്ട ക്രൂരമായ അനുഭവങ്ങളാണ് ഹർജിയിൽ ജീവനക്കാരികൾ വിവരിക്കുന്നത്. ഇരുളടഞ്ഞ ഇടനാഴിയിലേക്ക് ബലമായി വലിച്ചിഴച്ച് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ഒരു ജീവനക്കാരി ആരോപിക്കുന്നു. താമസമൊരുക്കിയിരുന്ന മുറിയിലേക്ക് മടങ്ങിയെത്തിയപ്പോൾ അപരിചി തനായ ഒരു പുരുഷൻ മുറിക്കുള്ളിൽ ഇരിക്കുന്നത് കണ്ടതായി മറ്റൊരു ജീവനക്കാരി വ്യക്തമാക്കുന്നു. പൊതുവായ ഭക്ഷണശാലയിൽ എത്തുമ്പോൾ പുരുഷ സഹപ്രവർത്തകർ തങ്ങളെ നോക്കി അശ്ലീലമായി ശബ്ദമുണ്ടാക്കാറുണ്ടെന്നാണ് മൂന്നാമതൊരു ജീവനക്കാരിയുടെ പരാതി.

ഗുരുതരമായ ലൈംഗിക അതിക്രമങ്ങൾ മുതൽ നിത്യേന നേരിടേണ്ടി വരുന്ന അധിക്ഷേപങ്ങൾ വരെ ഈ പരാതികളിൽ ഉൾപ്പെടുന്നുണ്ടെന്ന് കേസ് നടത്തുന്ന ജെ.ജി.എ സാഡ്‌ലർ നിയമ സ്ഥാപനത്തിലെ സ്പെഷ്യൽ കൗൺസൽ പാരിസ് ഹാംറേ വ്യക്തമാക്കി. ഖനന കേന്ദ്രങ്ങളിലെ അലക്കുശാലകളിൽ വസ്ത്രങ്ങൾ കഴുകാൻ ഇടരുതെന്ന് വനിതാ ജീവനക്കാർക്ക് പരസ്പരം മുന്നറിയിപ്പ് നൽകേണ്ടി വരുന്നുണ്ടെന്നും, അവിടെ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷണം പോകുന്നത് പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം സംഭവങ്ങൾ ജീവനക്കാരികളുടെ സുരക്ഷയെ പൂർണ്ണമായും ബാധിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ വിദൂര പ്രദേശങ്ങളിലാണ് ഫോർട്ടെസ്ക്യൂവിന്റെ ഇരുമ്പയിര് ഖനികൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ ആഴ്ചകളോളം തങ്ങി ജോലി ചെയ്യുന്ന വലിയൊരു വിഭാഗം തൊഴിലാളികളാണ് കമ്പനിക്കുള്ളത്. 2006 മുതൽ 2025 വരെയുള്ള കാലയളവിൽ വനിതാ ജീവനക്കാരെ വിവേചനത്തിൽ നിന്നും ലൈംഗിക അതിക്രമങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടോ എന്ന് പരിശോധിക്കാനാണ് ഈ നിയമപോരാട്ടം.

അതേസമയം, കോടതി നടപടികൾ ആരംഭിക്കുന്നതിന് മുൻപ് ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കുന്നത് ഉചിതമല്ലെന്ന് ഫോർട്ടെസ്ക്യൂ വക്താവ് അറിയിച്ചു. തങ്ങളുടെ എല്ലാ ജീവനക്കാർക്കും കരാറുകാർക്കും സുരക്ഷിതവും ബഹുമാനപൂർവ്വവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും വക്താവ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *