സിഡ്‌നിയിലെ സ്രാവ് ആക്രമണം, അധ്യാപികയുടെ നില മെച്ചപ്പെട്ടു; ഓര്‍മ്മകള്‍ വീണ്ടെടുത്തതായി കുടുംബം

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നി കൂജി ബീച്ചിൽ വെച്ച് വൻ സ്രാവുകളുടെ (ഗ്രേറ്റ് വൈറ്റ് ഷാർക്ക്) ആക്രമണത്തിന് ഇരയായ യുവതിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. കടുത്ത ആരോഗ്യപ്രതിസന്ധി തരണം ചെയ്ത മുപ്പത്തിനാലുകാരിയായ അധ്യാപിക ലിയ സ്റ്റുവർട്ട് അപകടത്തിന്റെ മുഴുവൻ വിവരങ്ങളും കൃത്യമായി ഓർത്തെടുക്കുന്നുണ്ടെന്ന് സഹോദരൻ ജോഷ്വ വ്യക്തമാക്കി. ഫണ്ട് ശേഖരണ വെബ്‌സൈറ്റിലൂടെ വ്യാഴാഴ്ചയാണ് കുടുംബം പുതിയ വിവരങ്ങൾ പങ്കുവെച്ചത്.

അപകടം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം ലിയ ആദ്യമായി തന്റെ മകളെ കണ്ടതായും എല്ലാവരും പ്രതീക്ഷിച്ചതിലും വേഗത്തിലാണ് അവർ പ്രതികരിച്ചു തുടങ്ങിയതെന്നും ജോഷ്വ അറിയിച്ചു. സ്രാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ലിയയുടെ ഒരു കൈ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നിരുന്നു.

മറ്റേ കൈയിലെ ഞരമ്പുകൾക്കും പേശികൾക്കും കടുത്ത കേടുപാടുകൾ സംഭവിച്ചിട്ടുള്ളതിനാൽ തുടർ ശസ്ത്രക്രിയകളും തീവ്രമായ പുനരധിവാസ ചികിത്സകളും ഇനിയും ആവശ്യമുണ്ട്. നിലവിൽ ഈ കൈ പൂർണ്ണമായി ചലിപ്പിക്കാൻ അവർക്ക് സാധിക്കുന്നില്ല. ദീർഘനാളത്തെ ചികിത്സകൾക്കായി ലിയ ആശുപത്രിയിൽ തുടരുമെന്നും കുടുംബം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *