അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡി.സി.യിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്‍റ്സ് അസോസിയേഷന്‍ ഡിന്നറിനിടെ വെടിവെപ്പുണ്ടായതിനെ തുടര്‍ന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഫസ്റ്റ് ലേഡി മെലാനിയ ട്രംപിനെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അടിയന്തരമായി ഒഴിപ്പിച്ചു
ശനിയാഴ്ച രാത്രി നടന്ന പരിപാടിക്കിടെ ഹോട്ടലിലെ സുരക്ഷാ പരിശോധന മേഖലയ്ക്ക് സമീപമാണ് വെടിയൊച്ച കേട്ടത്. സംഭവത്തെ തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുത്തിരുന്ന നൂറുകണക്കിന് അതിഥികള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ന്നു. പലരും സുരക്ഷയ്ക്കായി മേശകളുടെ അടിയില്‍ അഭയം തേടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് സീക്രറ്റ് സര്‍വീസ് ഉദ്യോഗസ്ഥര്‍ ട്രംപിനെയും മറ്റ് പ്രധാന നേതാക്കളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. വെടിവെപ്പിന് പിന്നില്‍ ഒരാള്‍ മാത്രമാണെന്ന് പ്രാഥമിക വിലയിരുത്തല്‍, പ്രതിയെ പിടികൂടിയതായും അധികൃതര്‍ അറിയിച്ചു.
പ്രതിക്ക് തോക്കുകളും കത്തികളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് വെടിയേറ്റെങ്കിലും ബുള്ളറ്റ്‌പ്രൂഫ് ജാക്കറ്റ് ധരിച്ചതിനാല്‍ ഗുരുതര പരിക്കുകള്‍ ഒഴിവായി. സംഭവത്തില്‍ മറ്റു ആര്‍ക്കും പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ചടങ്ങ് നിര്‍ത്തിവെക്കുകയും അന്വേഷണം പുരോഗമിക്കുകയുമാണ്

