ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെയുള്ള ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (LNG) ഗതാഗതം സാധാരണ നിലയിലായതിനെ തുടർന്ന് കേന്ദ്ര സർക്കാർ പ്രകൃതിവാതക വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ പിൻവലിച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് മാർച്ചിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇപ്പോൾ റദ്ദാക്കിയത്.
നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്ന കാലത്ത് വളനിർമാണശാലകൾ, റിഫൈനറികൾ, നഗര ഗ്യാസ് വിതരണ കമ്പനികൾ, മറ്റ് വ്യവസായ ഉപഭോക്താക്കൾ എന്നിവിടങ്ങളിലേക്കുള്ള പ്രകൃതിവാതക വിതരണം മുൻഗണനാക്രമത്തിൽ പുനഃക്രമീകരിച്ചിരുന്നു. നിലവിൽ എൽ.എൻ.ജി. വിതരണം മെച്ചപ്പെട്ടതും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം പുനരാരംഭിച്ചതും സാഹചര്യങ്ങൾ സാധാരണ നിലയിലായെന്ന് സർക്കാർ വിലയിരുത്തി.
പശ്ചിമേഷ്യയിൽ വെടിനിർത്തൽ നിലവിൽ വന്നതും മേഖലയിലെ സമുദ്രഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടതുമാണ് നിയന്ത്രണം പിൻവലിക്കാനുള്ള പ്രധാന കാരണം. ഇതോടെ പ്രകൃതിവാതക വിതരണം വീണ്ടും സാധാരണ രീതിയിൽ എല്ലാ മേഖലയിലേക്കും പുനഃസ്ഥാപിക്കുമെന്ന് സർക്കാർ അറിയിച്ചു.

