സ്പെയിനിന്റെ പ്രദേശിക അഖണ്ഡതയ്‌ക്കെതിരായ ലംഘനം; സെവുട്ടയിലെ കൂട്ട കുടിയേറ്റത്തിൽ കടുത്ത അപലപനവുമായി പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്

മാഡ്രിഡ്: സ്പെയിനിന്റെ ഭൂപ്രദേശമായ സെവുട്ടയിലേക്ക് നടന്ന കൂട്ട കുടിയേറ്റത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. സംഭവം സ്പെയിനിന്റെ പ്രാദേശിക അഖണ്ഡതയ്‌ക്കെതിരായ ലംഘനമാണെന്നും, സാധ്യമായ ഏറ്റവും ശക്തമായ തലത്തിൽ അതിനെ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സെവുട്ട സന്ദർശിച്ച വേളയിലാണ് പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ഏത് സാഹചര്യത്തിലും ഏത് വെല്ലുവിളിയെയും നേരിട്ട് രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ ഉറച്ചുനിൽക്കുമെന്ന് സാഞ്ചസ് വ്യക്തമാക്കി.

സെവുട്ട അതിർത്തിയിലെ ഈ കൂട്ട കടന്നുകയറ്റത്തിന് പിന്നിൽ മനുഷ്യക്കടത്ത് സംഘങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. സ്പാനിഷ് സുപ്രീം കോടതിയുടെ അടുത്തിടെയുണ്ടായ ഒരു വിധി തെറ്റായി വ്യാഖ്യാനിച്ചാണ് ക്രിമിനൽ സംഘങ്ങൾ ഇത്തരമൊരു കുടിയേറ്റത്തിന് വഴിമരുന്നിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *