ജപ്പാനിൽ ശക്തമായ ഭൂചലനം; തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ്

ടോക്കിയോ: വടക്കൻ ജപ്പാനിലെ ഇവാത്തെ (Iwate) പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇതിനെത്തുടർന്ന് അധികൃതർ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ഇന്നലെ വൈകുന്നേരം 4:53-ഓടെയാണ് ഭൂചലനം ഉണ്ടായത്.ഇവാത്തെ പ്രവിശ്യക്ക് സമീപം പസഫിക് സമുദ്രത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.പ്രഭവകേന്ദ്രത്തിൽ നിന്നും നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ടോക്കിയോ നഗരത്തിലും പ്രകമ്പനം അനുഭവപ്പെട്ടു.തീരപ്രദേശങ്ങളിൽ 3 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. അയോമോറി പ്രവിശ്യയുടെ തീരങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

തീരപ്രദേശങ്ങളിൽ നിന്നും നദീതീരങ്ങളിൽ നിന്നും ആളുകളോട് ഉടൻ തന്നെ ഉയർന്ന പ്രദേശങ്ങളിലേക്കോ സുരക്ഷിത കേന്ദ്രങ്ങളിലേക്കോ മാറിതാമസിക്കാൻ അധികൃതർ നിർദ്ദേശിച്ചു. തിരമാലകൾ ആവർത്തിച്ച് വരാൻ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും അറിയിപ്പുണ്ട്.​സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ക്രൈസിസ് മാനേജ്‌മെന്റ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. 2011-ൽ ഇതേ മേഖലയിലുണ്ടായ ശക്തമായ ഭൂചലനവും സുനാമിയും കണക്കിലെടുത്ത് അതീവ ഗൗരവത്തോടെയാണ് അധികൃതർ നിലവിലെ സാഹചര്യം നിരീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *