ഹോർമുസ് പ്രതിസന്ധി; വിഴിഞ്ഞത്തേക്ക് കപ്പലുകളുടെ പ്രവാഹം

തിരുവനന്തപുരം: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതിനെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള കപ്പൽ ഗതാഗതം കടുത്ത പ്രതിസന്ധിയിൽ. ദുബായ് അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് എത്തേണ്ട നൂറിലധികം ഭീമൻ മദർഷിപ്പുകളാണ് ഇപ്പോൾ കേരളത്തിലെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സഹായം തേടുന്നത്.

ഹോർമുസ് കടലിടുക്കിലെ തടസ്സം കാരണം ദുബായ് പോർട്ടിൽ കപ്പലുകൾ അടുപ്പിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതോടെ അന്താരാഷ്ട്ര കപ്പൽ പാതയോട് ഏറ്റവും അടുത്തുകിടക്കുന്ന വിഴിഞ്ഞം ലോകത്തിലെ എട്ട് പ്രധാന ഷിപ്പിംഗ് കമ്പനികളുടെ ഏക ആശ്രയമായി മാറിയിരിക്കുകയാണ്. നിലവിൽ വിഴിഞ്ഞത്ത് കപ്പലുകൾ അടുപ്പിക്കാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നൂറോളം കപ്പലുകൾ ബെർത്ത് ലഭിക്കാനായി കാത്തുനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ.

അന്താരാഷ്ട്ര കപ്പൽ പാതയിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണെന്നത് വിഴിഞ്ഞത്തിന് വലിയ മുൻഗണന നൽകുന്നു.മുംബൈ (700 നോട്ടിക്കൽ മൈൽ), മുന്ദ്ര (1,150 നോട്ടിക്കൽ മൈൽ) തുടങ്ങിയ തുറമുഖങ്ങളിലേക്ക് പോകുന്നതിനേക്കാൾ 50 മണിക്കൂറിലധികം യാത്രാസമയം ലാഭിക്കാൻ വിഴിഞ്ഞം വഴി സാധിക്കും.ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾക്ക് (മദർഷിപ്പുകൾക്ക്) അടുക്കാൻ ആവശ്യമായ ആഴം വിഴിഞ്ഞത്തുണ്ട്.

നിലവിൽ എം.എസ്.സി (MSC) കമ്പനിയുടെ കപ്പലുകളാണ് വിഴിഞ്ഞത്ത് പ്രധാനമായും എത്തുന്നത്. എന്നാൽ മറ്റ് ആഗോള കമ്പനികളും തങ്ങളുടെ ചരക്കുകൾ ഇറക്കാൻ വിഴിഞ്ഞത്തെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. പ്രതിസന്ധി നീണ്ടുനിൽക്കുകയാണെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ കപ്പലുകൾ കേരള തീരത്തേക്ക് എത്തും. ഇതോടെ വിഴിഞ്ഞം പോർട്ട് 24 മണിക്കൂറും സജീവമായ പ്രവർത്തനങ്ങളിലേക്ക് കടന്നു. ഇതിനോടകം 869-ഓളം കപ്പലുകൾ വിഴിഞ്ഞത്ത് എത്തിയിട്ടുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി വിഴിഞ്ഞം മാറും.

Leave a Reply

Your email address will not be published. Required fields are marked *