കോഴിക്കോട്: നഗരമധ്യത്തിലെ കോൺവെന്റ് റോഡിൽ ഭ്രൂണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിനിയായ ഫ്രാങ്കോ എന്ന യുവതിയാണ് പിടിയിലായത്. കോൺവെന്റ് റോഡിലെ ഒരു ആരാധനാലയത്തിന്റെ കോമ്പൗണ്ടിലാണ് ആറുമാസം വളർച്ചയുള്ള ആൺകുഞ്ഞിന്റെ ഭ്രൂണം കണ്ടെത്തിയത്.
തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബസ്സിൽ എത്തിയ തീർത്ഥാടക സംഘത്തിലെ അംഗമാണ് യുവതി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.വിവാഹിതയും ഒന്നര വയസ്സുള്ള കുട്ടിയുടെ അമ്മയുമാണ് യുവതിയെന്ന് പോലീസ് അറിയിച്ചു. തീർത്ഥാടനത്തിനിടെ പെട്ടെന്നുണ്ടായ പ്രസവവേദനയെത്തുടർന്ന് പരിഭ്രാന്തിയിലായെന്നും, പേടി കാരണമാണ് ഭ്രൂണം ഉപേക്ഷിച്ചതെന്നുമാണ് യുവതി പോലീസിന് നൽകിയ പ്രാഥമിക മൊഴി.
കണ്ടെടുത്ത ഭ്രൂണം പോലീസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രസവത്തെത്തുടർന്ന് ശാരീരിക അസ്വസ്ഥതകളുള്ള യുവതി നിലവിൽ ചികിത്സയിലാണ്. ഇവർ സുഖം പ്രാപിച്ച ശേഷം കൂടുതൽ ചോദ്യം ചെയ്യലുകൾക്കും തുടർനടപടികൾക്കും വിധേയയാക്കുമെന്ന് പോലീസ് അറിയിച്ചു.

