മെൽബൺ: ഭീകരസംഘടനയായ ഐസിസുമായുള്ള ബന്ധത്തിന്റെ പേരിൽ മെൽബണിൽ ഒരാൾ അറസ്റ്റിലായതിന് പിന്നാലെ, ആൽബനീസ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസൻ. ഭീകരവാദത്തോട് സർക്കാർ തികച്ചും മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് അവർ ആരോപിച്ചു. രാജ്യത്ത് തീവ്രവാദ ഭീഷണി ഇപ്പോഴും ശക്തമായി നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് ഈ അറസ്റ്റെന്നും അവർ പ്രതികരിച്ചു.
ഐസിസ് ആശയപ്രചാരണവുമായി ബന്ധപ്പെട്ട് മെൽബണിൽ നിന്നുള്ള 65-കാരനായ വ്യക്തിയാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. 2015 നവംബറിനും 2020 ജൂലൈയ്ക്കും ഇടയിൽ ഇയാൾ തീവ്രവാദ ഉള്ളടക്കമുള്ള പതിനായിരത്തോളം ഫയലുകൾ കൈമാറിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. വധശിക്ഷ നടപ്പാക്കൽ, ക്രൂരമായ പീഡനങ്ങൾ, ഐസിസിന്റെ പ്രചാരണ സാമഗ്രികൾ എന്നിവയുമായി ബന്ധപ്പെട്ട വിഡിയോകൾ, ചിത്രങ്ങൾ, ഓഡിയോ ഫയലുകൾ, രേഖകൾ, സന്ദേശങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇന്റർനെറ്റിലൂടെ തീവ്രവാദ പ്രചാരണം നടത്തിയതിനും ഭീകരസംഘടനയിലെ അംഗത്വത്തിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്

