എന്റെ പേരിനൊപ്പം ആലിന്റെ പേരും വേണം; ജീവൻ നൽകിയ കുഞ്ഞിനെ മറക്കാതെ ശ്രേയ

തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ ആറാം ക്ലാസുകാരി ശ്രേയ തനിക്ക് പുതുജീവൻ സമ്മാനിച്ച കുഞ്ഞിനോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കാൻ സ്വന്തം പേര് ‘ആലിൻ ശ്രേയ’ എന്ന് മാറ്റി. തന്റെ പേരിനൊപ്പം പ്രിയപ്പെട്ട മറ്റൊരു പേര് കൂടി ചേർക്കണമെന്ന ആഗ്രഹം അവൾ മാതാപിതാക്കളോട് പങ്കുവെക്കുകയായിരുന്നു. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമുണ്ടായിരുന്ന ആലിൻ ഷെറിൻ എബ്രഹാമിന്റെ വൃക്കകളിൽ ഒന്നാണ് ശ്രേയയ്ക്ക് പുതുജീവൻ നൽകിയത്.

തിരുവനന്തപുരം ചെറിയകൊല്ലയിലെ വീട്ടിൽ ആലിൻ ഷെറിൻറെ ചിത്രങ്ങൾ ശ്രേയ ഒരു നിധിപോലെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. തന്റെ ജീവിതത്തിന്റെ ഭാഗമായ ആ കുഞ്ഞിനോടുള്ള സ്നേഹമാണ് ഈ ആഗ്രഹത്തിന് പിന്നിൽ. ശ്രേയയുടെ ആഗ്രഹം അറിഞ്ഞപ്പോൾ ആലിൻ ഷെറിന്റെ മാതാപിതാക്കളുടെയും കണ്ണുകൾ നിറഞ്ഞു. തിരുവനന്തപുരത്ത് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങിനിടെ ആലിൻ ഷെറിന്റെ മാതാപിതാക്കൾ ശ്രേയയെ ചേർത്തുപിടിച്ച് സ്നേഹമറിയിച്ചു. ജീവൻ പകർന്ന കുഞ്ഞിൻ്റെ പേര് സ്വന്തം പേരിനൊപ്പം ചേർത്ത് ആ സ്നേഹം എന്നും കൂടെക്കൊണ്ടുനടക്കാനാണ് ശ്രേയയുടെ ആഗ്രഹം.

Leave a Reply

Your email address will not be published. Required fields are marked *