തുരിംഗിയ: അടിയന്തര ഘട്ടങ്ങളിൽ യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ ലക്ഷ്യമിട്ട് ജർമനിയിലെ തുരിംഗിയൻ വനമേഖലയിൽ സംഘടിപ്പിച്ച വിപുലമായ മോക്ക് ഡ്രിൽ കടുത്ത പരാജയത്തിൽ കലാശിച്ചു. ന്യൂറെംബർഗ് – എർഫുർട്ട് റൂട്ടിലെ 1,320 മീറ്റർ നീളമുള്ള സാന്റ്ബെർഗ് ടണലിനുള്ളിൽ 100 യാത്രക്കാരുമായി പോയ ഐസിഇ (ICE) ട്രെയിനിൽ തീപിടിച്ചാൽ സ്വീകരിക്കേണ്ട രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്താനാണ് 250-ലധികം വരുന്ന ദുരന്തനിവാരണ സേനാംഗങ്ങളെ ഉൾപ്പെടുത്തി മോക്ക് ഡ്രിൽ നടത്തിയത്. എന്നാൽ അലാം അടിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തിയത്.
എമർജൻസി കോൾ ലഭിച്ച് 10 മുതൽ 25 മിനിറ്റിനുള്ളിൽ ഫയർഫോഴ്സും രക്ഷാസേനയും സ്ഥലത്തെത്തുന്ന രീതിയിലാണ് മോക്ക് ഡ്രിൽ പ്ലാൻ ചെയ്തിരുന്നത്. എന്നാൽ അലാം അടിച്ച് 2 മണിക്കൂറും 7 മിനിറ്റും കഴിഞ്ഞാണ് ആദ്യ സംഘത്തിന് ടണലിന് സമീപത്തേക്ക് എത്താൻ സാധിച്ചത്. യഥാർഥ അപകടമായിരുന്നെങ്കിൽ ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാർ മരണപ്പെടുമായിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്ന അഗ്നിശമനസേനാ വിദഗ്ധർ രോഷത്തോടെ പ്രതികരിച്ചു.
രാവിലെ 10:15-ന് ട്രെയിൻ ലോക്കോ പൈലറ്റ് റെയിൽവേ കൺട്രോൾ റൂമിലേക്ക് അടിയന്തര സന്ദേശം കൈമാറിയെങ്കിലും 30 മിനിറ്റ് കഴിഞ്ഞാണ് റെയിൽവേ ഇത് റെസ്ക്യൂ കൺട്രോൾ സെന്ററിന് കൈമാറിയത്. അവിടെനിന്ന് ഫയർഫോഴ്സിന് സന്ദേശം ലഭിക്കാൻ പിന്നെയും 30 മിനിറ്റോളം സമയം എടുത്തു. കൂടാതെ ജനങ്ങൾക്ക് അടിയന്തര മുന്നറിയിപ്പ് നൽകുന്ന നിന (NINA), ക്യാറ്റ്‌വാൺ (Katwarn) എന്നീ മൊബൈൽ ആപ്പുകളിലൂടെ അലർട്ട് അയക്കുന്നതിലും വലിയ സാങ്കേതിക തടസ്സങ്ങൾ നേരിട്ടു.
തുരിംഗിയൻ ആഭ്യന്തര മന്ത്രി ജോർജ് മേയറുടെ സാന്നിധ്യത്തിലാണ് രണ്ട് വർഷത്തെ പ്ലാനിങ്ങിനു ശേഷം സംഘടിപ്പിച്ച ഈ മോക്ക് ഡ്രില്ലിൽ ഗുരുതര വീഴ്ചകൾ സംഭവിച്ചത്. അലാം സിസ്റ്റത്തിൽ വലിയ വീഴ്ച സംഭവിച്ചതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. യഥാർഥ അപകടങ്ങളിൽ ഇത്തരം വീഴ്ചകൾ ഒഴിവാക്കാനാണ് മോക്ക് ഡ്രില്ലുകൾ നടത്തുന്നതെന്നും, സംഭവിച്ച പിഴവുകളെക്കുറിച്ച് വരും ആഴ്ചകളിൽ വിശദമായ അന്വേഷണം നടത്തുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് ഡാനിയൽ ബാംബാഹ് അറിയിച്ചു.

