വാഷിംഗ്ടൺ: ഡോണൾഡ് ട്രംപ് രണ്ടാമതും അധികാരമേറ്റതിന് പിന്നാലെ അമേരിക്കയിൽ നടപ്പിലാക്കി വരുന്ന വൻതോതിലുള്ള നാടുകടത്തൽ നടപടികൾ ആയിരക്കണക്കിന് കുടുംബങ്ങളെ തകർക്കുന്നതായി റിപ്പോർട്ട്. 2025 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള ഏഴ് മാസത്തിനിടെ ചുരുങ്ങിയത് 27,000 കുട്ടികളുടെ മാതാപിതാക്കളെയെങ്കിലും ഇമിഗ്രേഷൻ അധികൃതർ (ICE) അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്
2025-ലെ ആദ്യ ഏഴ് മാസങ്ങളിൽ 18,400 മാതാപിതാക്കളെയാണ് ഭരണകൂടം അറസ്റ്റ് ചെയ്തത്. ഇതിൽ 15,000 പിതാക്കന്മാരും 3,000 മാതാക്കളും ഉൾപ്പെടുന്നു. ഇവർ ആകെ 27,000 മുതൽ 32,000 വരെ കുട്ടികളുടെ മാതാപിതാക്കളാണ്.അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 12,000-ത്തോളം പേർ അമേരിക്കൻ പൗരത്വമുള്ള കുട്ടികളുടെ മാതാപിതാക്കളാണ്.ഏകദേശം 8,500 മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളിൽ ഒരാളിൽ നിന്നെങ്കിലും വ്യത്യസ്തമായ പൗരത്വമാണുള്ളത്. ഇത് മാതാപിതാക്കളെ നാടുകടത്തുമ്പോൾ കുട്ടികളെ കൂടെ കൊണ്ടു പോകുന്നതിനും കുടുംബങ്ങളെ ഒരുമിച്ച് നിർത്തുന്നതിനും വലിയ നിയമതടസ്സങ്ങൾ സൃഷ്ടിക്കുന്നു.പ്രതിമാസം ശരാശരി 1,400 മാതാപിതാക്കളെയാണ് ട്രംപ് ഭരണകൂടം നാടുകടത്തുന്നത്. 2024-ൽ ബൈഡൻ ഭരണകാലത്ത് ഇത് പ്രതിമാസം 700 ആയിരുന്നു. നിലവിൽ നാടുകടത്തൽ നിരക്ക് ഇരട്ടിയായി വർദ്ധിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഭരണകൂടത്തിന്റെ കർശന നടപടികൾക്കിടയിൽ ദയനീയമായ പല വാർത്തകളും പുറത്തുവരുന്നുണ്ട്. ഹെയ്തിയിൽ നിന്നുള്ള അഭയാർത്ഥിയായ ഒരു അമ്മയ്ക്ക് തന്റെ 13 മാസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകാനുള്ള അനുമതി പോലും അധികൃതർ നിഷേധിച്ചു. കുഞ്ഞ് അമേരിക്കൻ പൗരയായതിനാൽ ഡിറ്റൻഷൻ സെന്ററിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഇത്തരത്തിൽ ആയിരക്കണക്കിന് മാതാപിതാക്കളാണ് തങ്ങളുടെ കുഞ്ഞുങ്ങളിൽ നിന്ന് എന്നെന്നേക്കുമായി വേർപിരിയേണ്ടി വരുമോ എന്ന ഭീതിയിൽ കഴിയുന്നത്.
ട്രംപിന്റെ ആദ്യ ഭരണകാലത്തെ ‘സീറോ ടോളറൻസ്’ നയത്തേക്കാൾ വലിയ പ്രത്യാഘാതങ്ങളാണ് നിലവിലെ കൂട്ട നാടുകടത്തൽ നയം ഉണ്ടാക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഇത് തലമുറകളോളം നീണ്ടുനിൽക്കുന്ന മാനസിക ആഘാതങ്ങൾക്ക് (Generational trauma) കാരണമാകുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. വരും മാസങ്ങളിൽ നാടുകടത്തൽ നടപടികൾ കൂടുതൽ ശക്തമാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം.

