വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷത്തിൽ അമേരിക്ക വലിയ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഇറാനു മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളും നാവിക നീക്കങ്ങളും ലക്ഷ്യം കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ വലിയ സമ്മർദ്ദത്തിലാണെന്നും അമേരിക്കൻ സൈന്യത്തിന്റെ നീക്കങ്ങൾ ഇറാനെ പ്രതിരോധത്തിലാക്കിയെന്നും ട്രംപ് പറഞ്ഞു. “ഞാൻ വലിയ വിജയത്തിലേക്ക് നീങ്ങുകയാണ്” എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇറാന്റെ തുറമുഖങ്ങൾ ലക്ഷ്യമാക്കി അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ശക്തമായി തുടരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഹോർമുസ് കടലിടുക്കിന് സമീപം ഇറാന്റെ ചരക്കുകപ്പൽ പിടിച്ചെടുത്ത നടപടിയെ അദ്ദേഹം ന്യായീകരിച്ചു.
ഭീഷണികൾക്ക് വഴങ്ങി ചർച്ചയ്ക്കില്ലെന്ന ഇറാന്റെ നിലപാടിനിടെയാണ് ട്രംപിന്റെ ഈ പ്രസ്താവന. പാകിസ്താന്റെ മധ്യസ്ഥതയിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ നിലവിൽ അനിശ്ചിതത്വത്തിലാണ്.
പശ്ചിമേഷ്യയിലെ യുദ്ധം മൂലം ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാകുകയും വിമാന സർവീസുകൾ ഉൾപ്പെടെ തടസ്സപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ട്രംപ് തന്റെ സൈനിക നീക്കങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.ഇറാനുമായുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് തന്റെ ഭരണകൂടം സ്വീകരിക്കുന്നതെന്ന് ട്രംപ് വീണ്ടും വ്യക്തമാക്കി.

