ഇന്ധനപ്രതിസന്ധി; ആകാശവഴിയും അടയുന്നു, വിമാന സർവീസുകൾ വെട്ടിക്കുറച്ചു

ലണ്ടൻ: ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള ഇന്ധനപ്രതിസന്ധി വ്യോമയാന മേഖലയെ സാരമായി ബാധിക്കുന്നു. ജെറ്റ് ഇന്ധനത്തിന്റെ ലഭ്യത കുറഞ്ഞതോടെ ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ ഭാഗികമായി മുടങ്ങിത്തുടങ്ങി.

യൂറോപ്പിൽ ഇനി വെറും അഞ്ച് ആഴ്ചത്തേക്കുള്ള ജെറ്റ് ഇന്ധനം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് അന്താരാഷ്ട്ര എനർജി ഏജൻസി (IEA) എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തി ബിറോൾ മുന്നറിയിപ്പ് നൽകി. യൂറോപ്പിലേക്ക് ആവശ്യമായ ജെറ്റ് ഇന്ധനത്തിന്റെ 75 ശതമാനവും മിഡിൽ ഈസ്റ്റിൽ നിന്നാണ് എത്തുന്നത്.

ലുഫ്താൻസ, കെഎൽഎം, റയനേർ, എയർ ഫ്രാൻസ് തുടങ്ങിയ പ്രമുഖ വിമാന കമ്പനികൾ നിരവധി സർവീസുകൾ ഇതിനകം വെട്ടിക്കുറച്ചു. സിംഗപ്പൂർ എയർലൈൻസ്, എമിറേറ്റ്സ്, ഖത്തർ എയർവേയ്‌സ് തുടങ്ങിയ കമ്പനികളും സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ധന ലഭ്യത കുറഞ്ഞതോടെ മിക്ക എയർലൈനുകളും വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചു. നൈജീരിയൻ എയർലൈൻസിൽ ഇന്ധനച്ചെലവിൽ 270 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഴ്ചകളിൽ പശ്ചിമേഷ്യൻ യുദ്ധത്തിന് പരിഹാരമായില്ലെങ്കിൽ കൂടുതൽ വിമാന സർവീസുകൾ പൂർണ്ണമായും നിർത്തിവയ്‌ക്കേണ്ട അവസ്ഥയുണ്ടാകുമെന്ന് വ്യോമയാന വിദഗ്ധർ വിലയിരുത്തുന്നു.​ഇന്ധന പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ അടിയന്തര ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഡൊമെസ്റ്റിക് സർവീസുകളെയും ഈ പ്രതിസന്ധി ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *