വാഷിംഗ്ടൺ ഡി.സി. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ആക്രമണം “തീർത്തും അംഗീകരിക്കാനാവാത്തതാണ്” എന്നും അദ്ദേഹം പ്രതികരിച്ചു.
ട്രംപ് ഏത് ഇന്ത്യൻ കപ്പലുകളെയാണ് പരാമർശിച്ചതെന്ന് വ്യക്തമായിട്ടില്ല. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യൻ ജീവനക്കാരുള്ള മൂന്ന് ചരക്കുകപ്പലുകൾ ഹോർമുസ് മേഖലയിലെ സംഘർഷത്തിൽപ്പെട്ടിരുന്നു. ബുധനാഴ്ച നടന്ന ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് അമേരിക്കൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
ട്രംപിന്റെ ആരോപണത്തോട് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, മേഖലയിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര സമുദ്രഗതാഗത സുരക്ഷയെ ബാധിക്കുന്നതാണെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.

