ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ ഒഴിപ്പിക്കുന്ന ദൗത്യം താത്കാലികമായി നിർത്തിവച്ച് ഐക്യരാഷ്ട്രസഭ

ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കുന്നതിനായി നടപ്പാക്കിയിരുന്ന ഒഴിപ്പിക്കൽ ദൗത്യം ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള അന്താരാഷ്ട്ര സമുദ്ര സംഘടന (IMO) താത്കാലികമായി നിർത്തിവച്ചു. ഗൾഫ് ഓഫ് ഒമാൻ മേഖലയിൽ ഒരു ചരക്കുകപ്പൽ ആക്രമിക്കപ്പെട്ടതിനെത്തുടർന്നാണ് നടപടി.

ഐഎംഒ സെക്രട്ടറി ജനറൽ അഴ്സേനിയോ ഡൊമിംഗസ്, കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട രാജ്യങ്ങളുമായി ചർച്ച തുടരുകയാണെന്ന് അറിയിച്ചു. ഒമാൻ, അമേരിക്ക, ഇറാൻ എന്നിവരിൽ നിന്ന് കൂടുതൽ സുരക്ഷാ ഉറപ്പുകൾ ലഭിച്ചശേഷമേ ദൗത്യം പുനരാരംഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

ദൗത്യം താത്കാലികമായി നിർത്തിവയ്ക്കുന്നതിന് മുമ്പ് ഏകദേശം 115 കപ്പലുകളും 2,500-ഓളം നാവികരെയും സുരക്ഷിതമായി ഹോർമുസ് കടലിടുക്കിലൂടെ കടത്തിവിട്ടിരുന്നു. എന്നാൽ മേഖലയിൽ ഇപ്പോഴും നൂറുകണക്കിന് കപ്പലുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. അവയെ ഒഴിപ്പിക്കാൻ ആഴ്ചകൾ വേണ്ടിവരുമെന്നാണ് ഐഎംഒയുടെ വിലയിരുത്തൽ.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ ഗതാഗതപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം വീണ്ടും വഷളായതോടെ അന്താരാഷ്ട്ര ചരക്കുകപ്പൽ ഗതാഗതത്തിലും ആശങ്ക ഉയർന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *