ഇസ്ലാമാബാദ്: നീണ്ട കാലത്തെ സംഘർഷങ്ങൾക്കൊടുവിൽ അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തലിന് ധാരണയായതായി സൂചന. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നിർണ്ണായകമായ നീക്കങ്ങൾ നടന്നത്.
അടുത്ത 60 ദിവസത്തിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഔദ്യോഗികമായ ധാരണാപത്രം ഒപ്പിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. പത്ത് ദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനുമായി സമാധാന കരാറിലെത്താനുള്ള നീക്കം.
താൽക്കാലികമായ വെടിനിർത്തൽ അംഗീകരിക്കില്ലെന്നും മേഖലയിൽ ശാശ്വതമായ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖാതിബ്‌സാദെ വ്യക്തമാക്കി. ഇസ്രയേലിന്റെയും യു.എസിന്റെയും ഭാഗത്തുനിന്നുള്ള പ്രകോപനങ്ങളാണ് ഹോർമുസ് കടലിടുക്ക് വഴിയുള്ള രാജ്യാന്തര വ്യാപാരത്തെ ബാധിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇസ്ലാമാബാദിൽ വെച്ചാണ് ഈ നിർണ്ണായക ചർച്ചകൾ നടക്കുന്നത്. വരും ദിവസങ്ങളിൽ സമാധാന ചർച്ചകളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിനും ആഗോള എണ്ണ വ്യാപാരത്തെ ബാധിക്കുന്ന ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കുന്നതിനും ഈ വെടിനിർത്തൽ ധാരണ നിർണ്ണായകമാകും.

