സംസ്ഥാന ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച വിമർശനങ്ങൾക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ വിശദമായ മറുപടി നൽകി. ചരിത്രത്തിൽ ഒരു സർക്കാരും നേരിട്ടില്ലാത്ത സാമ്പത്തിക വെല്ലുവിളികൾക്കിടയിലും ഒരു രൂപയുടെ നികുതി പോലും വർധിപ്പിക്കാതെയാണ് സർക്കാർ ബജറ്റ് അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനം യുവജനങ്ങളുടെ എണ്ണം കുറയുകയും വയോജനങ്ങളുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വയോജനങ്ങൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കാനുമുള്ള പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും നിക്ഷേപവും തൊഴിലും വർധിക്കുന്നതോടെ കേരളത്തിൽ വലിയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കുമായി ബജറ്റിൽ സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്സിഡി 50 ശതമാനത്തിലധികമാക്കി വർധിപ്പിച്ചതും മത്സ്യമേഖലയിലെ വിവിധ പദ്ധതികളും അതിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ ജീവനക്കാർക്കുള്ള ഡി.എ കുടിശിക സംബന്ധിച്ച പ്രതിപക്ഷ വിമർശനത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ഡി.എ, ഡി.ആർ കുടിശികയും ലീവ് സറണ്ടർ ഉൾപ്പെടെയുള്ള ബാധ്യതകളും മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് രൂപപ്പെട്ടതെന്നും അതിന്റെ ബാധ്യതയാണ് ഇപ്പോഴത്തെ സർക്കാർ ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

