കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നതായി ആരോപിക്കപ്പെട്ട ആക്രമണക്കേസിൽ, ആയുധം ഉപയോഗിച്ചുള്ള ആക്രമണമല്ല ഉണ്ടായതെന്നും ഉന്തുംതള്ളിലുണ്ടായ സംഘർഷത്തിലാണ് കഴുത്തിന് പരിക്കേറ്റതെന്നും മന്ത്രി അന്വേഷണ സംഘത്തിന് മൊഴി നൽകി
കേസു രജിസ്റ്റർ ചെയ്തതിന് ശേഷം രണ്ടുമാസം കഴിഞ്ഞാണ് മന്ത്രി വിശദമായ മൊഴി നൽകിയത്. സംഭവദിവസം കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ള് ഉണ്ടായതായും അതിലൂടെയാണ് പരിക്ക് സംഭവിച്ചതെന്നുമാണ് മൊഴിയിൽ വ്യക്തമാക്കുന്നത്.
മന്ത്രിയുടെ ഗൺമാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ജില്ലാ ആശുപത്രിയിലെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ ആയുധം ഉപയോഗിച്ച് പരിക്കേറ്റതായി രേഖപ്പെടുത്തിയിട്ടില്ല
സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് പോലീസുകാരുടെ മൊഴികളിലും വധശ്രമമോ ആയുധപ്രയോഗമോ ഉണ്ടായതായി സൂചനകളില്ല. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആക്രമണത്തിന് വ്യക്തമായ തെളിവുകൾ കണ്ടെത്താനായില്ലെന്നും അന്വേഷണത്തിൽ വ്യക്തമാക്കുന്നു.ഇതിനിടെ, ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന പ്രാഥമിക ആരോപണം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ റെയിൽവേ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്

