റായ്പൂർ: ഛത്തീസ്ഗഢിലെ ശക്തി ജില്ലയിലുള്ള വേദാന്ത ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഭാരത് അലുമിനിയം കമ്പനി (ബാൽകോ) പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരണപ്പെട്ടതോടെയാണിത്.ഗുരുതരമായി പരിക്കേറ്റ് റായ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രണ്ട് പേരാണ് ശനിയാഴ്ച മരണത്തിന് കീഴടങ്ങിയത്.
അപകടത്തിന് പിന്നാലെ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ പ്ലാന്റിലില്ലെന്ന് ആരോപിച്ച് തൊഴിലാളി സംഘടനകളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ജോലി ഉറപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പരിക്കേറ്റവർക്ക് എല്ലാവിധ ചികിത്സാ സഹായങ്ങളും നൽകുമെന്ന് വേദാന്ത ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.

