ലോൺ ആപ്പ് ഭീഷണി: കാണാതായ യുവാവിനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

കോഴിക്കോട്: ഓൺലൈൻ ലോൺ ആപ്പ് വഴിയുള്ള ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശിയായ യുവാവിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. വടകര ആയഞ്ചേരി സ്വദേശിയായ വിഷ്ണുവിനെയാണ് (24) കഴിഞ്ഞ ഒരാഴ്ചയായി കാണാതായത്.​ബാങ്കിൽ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിഷ്ണു പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് കുടുംബം പരാതിയിൽ പറയുന്നു. പതിനായിരം രൂപ മാത്രമാണ് വിഷ്ണു ഓൺലൈൻ ലോൺ ആപ്പ് വഴി വായ്പയെടുത്തത്. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് കാട്ടി ലോൺ ആപ്പുകാർ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ വിഷ്ണുവിന്റെ വീട്ടുകാർ പോലീസിന് കൈമാറിയിട്ടുണ്ട്.​യുവാവിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. വിഷ്ണുവിന്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അവസാനമായി കാണിച്ചത് കാസർഗോഡ് ഭാഗത്താണ്. സംഭവത്തിൽ ലോൺ ആപ്പ് മാഫിയയുടെ പങ്ക് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. യുവാവിനെ കണ്ടെത്താനായി അയൽ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *