ബീജിംഗ്: ചൈനീസ് സൈന്യത്തിൽ നടന്നുവരുന്ന വൻ അഴിമതിവിരുദ്ധ ശുദ്ധീകരണ നടപടികളുടെ (Purge) ഭാഗമായി രണ്ട് മുൻ പ്രതിരോധ മന്ത്രിമാർക്ക് വധശിക്ഷ വിധിച്ച് ചൈനീസ് സൈനിക കോടതി. മുൻ പ്രതിരോധ മന്ത്രിമാരായ ലി ഷാങ്ഫു, വെയ് ഫെംഗെ എന്നിവർക്കാണ് വ്യാഴാഴ്ച വധശിക്ഷ വിധിച്ചത്. എന്നാൽ രണ്ട് വർഷത്തെ ഇളവോടുകൂടിയ വധശിക്ഷയാണ് (Suspended death sentence) ഇവർക്ക് നൽകിയിരിക്കുന്നത്. ഇക്കാലയളവിൽ നല്ല നടപ്പ് കാഴ്ചവെച്ചാൽ ശിക്ഷ ജീവപര്യന്തമായി കുറച്ചേക്കാം.
വധശിക്ഷയ്ക്ക് പുറമെ ഇരുവരെയും സൈന്യത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി. ഇവരുടെ രാഷ്ട്രീയ അവകാശങ്ങൾ ആജീവനാന്തം റദ്ദാക്കുകയും വ്യക്തിപരമായ മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടുകയും ചെയ്തു. ഭാവിയിൽ ഇവർക്ക് പരോൾ അനുവദിക്കില്ലെന്നും സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.പദവി ദുരുപയോഗം ചെയ്ത് വൻതോതിൽ കൈക്കൂലി വാങ്ങിയെന്നും വഴിവിട്ട രീതിയിൽ നിയമനങ്ങൾ നടത്തിയെന്നുമാണ് ഇവർക്കെതിരെ കണ്ടെത്തിയ കുറ്റം. ലി ഷാങ്ഫു 2023-ൽ ഏഴ് മാസത്തോളം പ്രതിരോധ മന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ മുൻഗാമിയായ വെയ് ഫെംഗെ അഞ്ച് വർഷം ഈ പദവി വഹിച്ചിട്ടുണ്ട്.
പ്രതിരോധ മന്ത്രി എന്നതിലുപരി, ചൈനീസ് സൈന്യത്തിന്റെ ആയുധ സംഭരണ വിഭാഗത്തിന്റെ തലവനായിരുന്നു ലി ഷാങ്ഫു. വെയ് ഫെംഗെ ചൈനയുടെ ആണവായുധങ്ങളുടെ ചുമതലയുള്ള റോക്കറ്റ് ഫോഴ്‌സിന്റെ മുൻ തലവനായിരുന്നു. അതീവ രഹസ്യസ്വഭാവമുള്ള ഉപകരണങ്ങളും വലിയ ബജറ്റും കൈകാര്യം ചെയ്തിരുന്ന ഈ പദവികളിലിരിക്കെയാണ് അഴിമതി നടന്നതെന്നാണ് കണ്ടെത്തൽ.
2012-ൽ അധികാരമേറ്റത് മുതൽ പ്രസിഡന്റ് ഷി ജിൻപിംഗ് നടപ്പിലാക്കുന്ന അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ ഏറ്റവും കടുത്ത നടപടികളിലൊന്നാണിത്. 2022-ന് ശേഷം ചൈനീസ് സൈന്യത്തിലെ ഉന്നതരായ നൂറിലധികം ഉദ്യോഗസ്ഥരാണ് ഇത്തരത്തിൽ നടപടിക്ക് വിധേയരായത്. ഈ വർഷം ജനുവരിയിൽ ചൈനീസ് സൈന്യത്തിലെ രണ്ടാമത്തെ ഉയർന്ന കമാൻഡറായ ഷാങ് യൂക്സിയയെയും ഷി ജിൻപിംഗ് പുറത്താക്കിയിരുന്നു.
സൈന്യത്തിലെ ഏറ്റവും ഉയർന്ന പദവികളിൽ ഇരിക്കുന്നവർ പോലും അഴിമതി നടത്തിയാൽ സുരക്ഷിതരല്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഈ വിധിയിലൂടെ നൽകുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ഉന്നത കമാൻഡർമാരെ തുടർച്ചയായി പുറത്താക്കുന്നത് ചൈനീസ് സൈന്യത്തിന്റെ സജ്ജതയെ ബാധിക്കുമോ എന്ന ചോദ്യവും അന്താരാഷ്ട്ര തലത്തിൽ ഉയരുന്നുണ്ട്

