മാഡ്രിഡ്: റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് നടത്തിയ അസാധാരണമായ വാർത്താസമ്മേളനം കായിക ലോകത്ത് വലിയ ചർച്ചയാകുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലായി ടീമിന് പ്രധാന കിരീടങ്ങളൊന്നും നേടാൻ കഴിയാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ്, തന്റെ പക്കൽ നിന്ന് കിരീടങ്ങൾ മോഷ്ടിക്കപ്പെട്ടതാണെന്ന വിവാദ ആരോപണം അദ്ദേഹം ഉന്നയിച്ചത്.
വാർത്താസമ്മേളനത്തിൽ പെരസ് പറഞ്ഞത് ഇങ്ങനെ:
“ശ്രദ്ധിക്കൂ, നമ്മൾ ഈ സീസൺ കിരീടങ്ങളില്ലാതെയാണ് അവസാനിപ്പിച്ചത് എന്നത് സത്യമാണ്. എന്നാൽ എന്റെ കീഴിൽ റയൽ 7 ചാമ്പ്യൻസ് ലീഗും 7 ലീഗ് കിരീടങ്ങളുമാണ് നേടിയത്. സത്യത്തിൽ ഞാൻ 14 ലാ ലിഗ കിരീടങ്ങൾ വിജയിക്കേണ്ടതായിരുന്നു. ബാക്കിയുള്ള 7 എണ്ണം അവർ എന്നിൽ നിന്ന് മോഷ്ടിച്ചതാണ്.”
റഫറിമാരുടെ തീരുമാനങ്ങൾക്കെതിരെയും അദ്ദേഹം രൂക്ഷമായ വിമർശനം ഉന്നയിച്ചു. ഈ സീസണിൽ മാത്രം റഫറിമാരുടെ പിഴവുകൾ മൂലം റയലിന് 18 പോയിന്റുകൾ നഷ്ടമായെന്നും (മോഷ്ണിക്കപ്പെട്ടു), ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ ക്ലബ്ബ് തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്‌പെയിനിലെ മാധ്യമങ്ങളും റഫറിമാരും റയലിനെതിരെ ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അപ്രതീക്ഷിതമായി വിളിച്ചുചേർത്ത ഈ വാർത്താസമ്മേളനത്തിൽ ക്ലബ്ബിൽ തിരഞ്ഞെടുപ്പ് നടത്താനും പെരസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് റയൽ മാഡ്രിഡ് മാനേജ്‌മെന്റും താരങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ പരസ്യമായത്. ഒരു സീസണിൽ കിരീടമില്ലാത്തത് പരാജയമാണെന്നും എന്നാൽ തുടർച്ചയായി രണ്ട് സീസണുകളിൽ കിരീടം നേടാനാവാത്തത് അംഗീകരിക്കാനാവില്ലെന്നും പെരസ് നേരത്തെ ഡ്രസിങ് റൂമിലെത്തി താരങ്ങളെ അറിയിച്ചിരുന്നു.

